Friday, January 29, 2016

ജോസ് കാപ്പാ ബ്ലാങ്ക jose capablanca

മനുഷ്യൻ രൂപം നൽകിയ ശക്തവും സമ്പന്നവുമായ ബൗദ്ധിക വ്യായാമമാണ് ചെസ്സ്. ബുദ്ധിശക്തി, ഏകാഗ്രത, സൂക്ഷ്മനിരീക്ഷണ പാടവം, ഭാവനാശാലിത്വം എന്നിവ വികസിപ്പിക്കാൻ ചെസ്സിനോളം പോന്ന കളിയില്ല തന്നെ! പല രാജ്യങ്ങളിലും പ്രത്യേകിച്ച് സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനിൽ ചെസ്സ് സ്കൂളുകൾ ധാരാളമുണ്ടായിരുന്നു. പല രാജ്യങ്ങളിലായി എത്രയെത്ര മഹാന്മാരായ കളിക്കാർ ... മിഖായേൽ ബോട്വിനിക്ക്, കാപ്പാ ബ്ലാങ്ക, സ്മൈസ്ലോവ്, മിഖായേൽ താൽ, പെട്രോഷ്യൻ, ബോറിസ് സ്പാസ്കി, ബോബി ഫിഷർ, അനറ്റോളി കാർപോവ്, ഗാരി കാസ്പറോവ്, ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് , മാഗ്നസ് കാൾസൻ.. പട്ടിക നീളുന്നു. മറ്റു കളികളെ പോലെ ഇതിൽ ഒരാളെപ്പറ്റി മാത്രം പരാമർശിക്കുക അസാദ്ധ്യം. കാരണം രണ്ടു പേർ മാത്രമുള്ള കളിയിൽ എതിരാളിയുടെ ശക്തിയെ കൂടി പരാമർശിക്കേണ്ടതായി വരും ജേതാവിന്റെ മികവിനെ പറ്റി പറയാൻ. ഇതിൽ തന്നെ സ്പാസ്കി - ഫിഷർ മത്സരങ്ങളാണ് ചെസ്സിന് ഇന്നുള്ള ജനപ്രീതിയും അംഗീകാരവും നേടിക്കൊടുത്തത്. സമാനതകളില്ലാത്ത മസ്തിഷ്ക യുദ്ധങ്ങളായിരുന്നു അവ!

ഇവിടെ പറയുന്നത് ചെസ്സിലെ അതുല്യനായ കളിക്കാരനായിരുന്ന കാപ്പാബ്ലാങ്കയെപ്പറ്റിയാണ്. മികവിന്റെ ഔന്നത്യത്തിൽ നിന്ന കാലത്ത് അദ്ദേഹത്തെ പരാജയപ്പെടുത്തുക തികച്ചും അസാധ്യമായ കാര്യമായിരുന്നു. എട്ടു വർഷം തുടർച്ചയായി ഒരു മത്സരം പോലും തോൽക്കാതെ നടത്തിയ ജൈത്രയാത്ര മാത്രം മതി അദ്ദേഹത്തിന്റെ കളിയുടെ ആഴവും പരപ്പുമറിയാൻ. ചെസ്സ് യന്ത്രം എന്ന് വിളിപ്പേരുള്ള കാപ്പാബ്ലാങ്ക പിൽക്കാലത്ത് ബോബി ഫിഷറിനോടാണ് ഉപമിക്കപ്പെട്ടത്.
ക്യൂബയിലെ ഹവാനയിൽ 1888 നവംബർ 19 ന് ജനിച്ച ജോസ് കാപ്പാ ബ്ലാങ്ക നാലാം വയസിൽ തന്നെ കരുക്കളുടെ ലോകത്തെത്തി. തന്റെ പിതാവും കൂട്ടുകാരും തമ്മിൽ ഇടയ്ക്കിടെ നടക്കുന്ന ചെസ്സ് മത്സരം സസൂക്ഷ്മം വീക്ഷിക്കാറുള്ള കാപ്പാ ബ്ലാങ്ക ഏറെ വൈകാതെ നന്നായി കളി പഠിച്ചു. ഏതാനും വർഷങ്ങൾക്കകം അദ്ദേഹം പ്രശസ്തരായ കളിക്കാരെ പോലും അടിയറവ് പറയിക്കാനാരംഭിച്ചു. 13 വയസിൽ ക്യൂബയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം മത്സരിച്ച് ഒരു ഗെയിം ജയിച്ചു.
സമർഥവും സങ്കീർണവുമായ നീക്കങ്ങൾ ധൃതഗതിയിൽ നടത്താനുള്ള കാപ്പബ്ലാങ്കയുടെ പാടവം ഗംഭീരമായിരുന്നു. സാങ്കേതിക പിഴവില്ലാത്തതും തന്ത്ര ഭദ്രവുമായ നീക്കങ്ങൾ അസാമാന്യ ലാഘവത്തോടെ അദ്ദേഹം പുറത്തെടുത്തു.
അക്കാലത്ത് ലോക ചെസ്സിന്റെ കേന്ദ്രസ്ഥാനമായിരുന്ന യൂറോപ്പിലാണ് ഉന്നത നിലവാരമുള്ള താരങ്ങളത്രയും കളിച്ചു തകർത്തിരുന്നത്. യൂറോപ്യൻ താരങ്ങളുമായി മാറ്റുരച്ചു പരിചയസമ്പത്താർജിക്കാത്തവർക്ക് ലോകകിരീടം ചൂടാനാവില്ലെന്നായിരുന്നു പൊതുവെ ധാരണ. എന്നാൽ സ്വന്തം ഭാവനാ വിലാസവും നിശിതമായ ബുദ്ധികൂർമതയും പോരാട്ട മനോഭാവവും കൊണ്ട് കാപ്പാ ബ്ലാങ്ക എല്ലാ പ്രതികൂലാവസ്ഥയേയും അതിജീവിച്ചു. ആ കുതിപ്പിന്റെ പര്യവസാനമെന്നോണം 1921ൽ അദ്ദേഹം ലോകകിരീടം ചൂടി. പിന്നെ ഏഴു വർഷത്തോളം ലോക ചെസ്സ് വേദിയിൽ കാപ്പാബ്ലാങ്കയുടെ തേരോട്ടമായിരുന്നു.
ചെസ്സ് ജീവിത ചര്യയാക്കിയ കളിക്കാരനായിരുന്നു അദ്ദേഹം. പോരാട്ടവും പ്രതിരോധവുമായിരുന്നു കളിയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര. ഏറ്റവും അപകടകരമായ നിലയിൽ നിന്നു പോലും അപരാജതമായ പ്രതിരോധം ചമയ്ക്കുന്നതിൽ അദ്ദേഹം അദ്വിതീയനായിരുന്നു. ചെസ്സ് അദ്ദേഹത്തിന്റെ മാതൃഭാഷയായിരുന്നുവെന്നാണ് കാപ്പാബ്ലാങ്കയുടെ ആരാധകരിലൊരാളായ റിച്ചാർഡ് റെനി അഭിപ്രായപ്പെടുന്നത്.

No comments:

Post a Comment