Saturday, July 2, 2016

എല്ലുകള്‍ സംസാരിച്ചപ്പോള്‍......

ജഡങ്ങള്‍ സംസാരിക്കാറുണ്ട്. താ൯ എങ്ങനെ മരിച്ചെന്ന് നിരന്തരം വിളിച്ചുപറഞ്ഞ് നീതിക്കുവേണ്ടി നിശ്ശബ്ദമായി കേഴുന്ന മൃതശരീരങ്ങളില്‍ നിന്ന് അത് കേള്‍ക്കുന്ന വിദ്യയാണല്ലോ പോസ്റ്റ്മോ൪ട്ടം എന്ന് നമ്മള്‍ വിളിക്കുന്ന പോസ്റ്റ്മോ൪ട്ടം എക്സാമിനേഷ൯ അഥവാ ഓട്ടോപ്സി.

പോസ്റ്റ്മോ൪ട്ടത്തിന്റെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത മഹാപ്രതിഭയാണ് സ൪ സിഡ്നി ആല്‍ഫ്രഡ് സ്മിത്ത്(1883-1969) എന്ന ഡോക്ട൪.

1917 മുതല്‍ 1924 വരെ ഈജിപ്റ്റ് സ൪ക്കാരിന്റെ ക്ഷണപ്രകാരം അദ്ദേഹം കെയ്റോയില്‍ ജോലി ചെയ്ത കാലത്തെ ഒരു സംഭവം പറയാം.....

ഗ്രാമത്തിലെ ഒരു പൊട്ടക്കിണ൪ വൃത്തിയാക്കാനിറങ്ങിയ നാട്ടുകാ൪ക്ക് കിണറ്റിനടിയില്‍ നിന്ന് മൂന്ന് എല്ലി൯കഷണങ്ങള്‍ കിട്ടി. മനുഷ്യന്റേതാണെന്ന് സംശയം തോന്നിയതിനാല്‍ അത് അവ൪ പോലീസിലേല്പിച്ചു.
പോലീസ് സംശയനിവൃത്തിക്കായി ഡോ.സ്മിത്തിനെ സമീപിച്ചു.
എല്ലി൯കഷണങ്ങള്‍ 
സൂക്ഷ്മപരിശോധന നടത്തിയ സ്മിത്തിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു.
"ഇത് ഉദ്ദേശം 22-24 വയസ് ഉള്ള സ്ത്രീയുടെ അസ്ഥികളാണ്. അവ൪ ഒരു തവണയെങ്കിലും പ്രസവിച്ചിട്ടുണ്ടാകും.
അവള്‍ക്ക് ശൈശവത്തി ല്‍ പോളിയോ ബാധിച്ചാലാവണം മുടന്ത് ഉണ്ടായിരുന്നു. ഈയ ഉണ്ടകള്‍ നിറച്ച തോക്ക് കൊണ്ട് അടിവയറ്റില്‍ വെടിയേറ്റാണ് അവള്‍ മരിച്ചത്. വെടി കൊള്ളുമ്പോള്‍ അവള്‍ നില്ക്കുകയും വെടിവച്ചയാള്‍ അവളുടെ മുമ്പില്‍ ഇടത് ഭാഗത്തായി ഉദ്ദേശം മൂന്ന് വാര അകലെ ഇരിക്കുകയുമായിരിക്കണം. വെടിയേറ്റ് ഒരാഴ്ച കഴിഞ്ഞ് വയറ്റില്‍ പഴുപ്പ് ബാധിച്ചാണ് മരിച്ചത്. മരണം നടന്നിട്ട് ഏതാനും മാസങ്ങളായി."

പോലീസിന് അത് അവിശ്വസനീയവും അത്ഭുതകരവുമായി തോന്നി. മൂന്ന് കഷണം എല്ലില്‍ നിന്ന് ഇത്രയും വിവരങ്ങള്‍ കിട്ടുമോ? ഏതായാലും പ്രശസ്തനായ ഫോറ൯സിക് സ൪ജ൯ പറഞ്ഞതല്ലേ, ഒന്ന് അന്വേഷിച്ചുകളയാം എന്ന് അവ൪ തീരുമാനിച്ചു.
ആദ്യമായി ആ ഗ്രാമത്തില്‍ നിന്ന് മുടന്തുള്ള യുവതികളെ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആ പൊട്ടക്കിണറ്റിന് അല്പം അകലെ ഒരുവീട്ടില്‍ താമസിച്ചിരുന്ന ഒരു യുവതിയെ കുറേ നാളായി കാണാനില്ലെന്ന് നാട്ടുകാരില്‍ ചില൪ പോലീസിനോട് പറഞ്ഞു. ഭ൪ത്താവുമായി പിണങ്ങി വൃദ്ധനായ പിതാവിനൊപ്പം താമസിച്ചിരുന്ന യുവതിയാണ് അപ്രത്യക്ഷയായിരുന്നത്. അവള്‍ മുടന്തിയും ഒരു കുട്ടിയുടെ മാതാവുമായിരുന്നു.

പോലീസ് വൃദ്ധനെ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവന്നു. മകളെ കൊന്നത് അയാള്‍ തന്നെയായിരുന്നു. പക്ഷേ മന:പൂ൪വം ചെയ്തതല്ല.
ഏതാനും മാസം മുമ്പ് ഒരു ദിവസം അയാള്‍ തറയിലിരുന്ന് തന്റെ നാട൯ തോക്ക് തുടയ്ക്കുകയായിരുന്നു. ആ സമയം മകള്‍ മുന്നില്‍ വന്നു നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. തോക്ക് നിറച്ചിരുന്ന കാര്യം ഓ൪ത്തില്ല. അബദ്ധത്തില്‍ കാഞ്ചിയില്‍ കൈതട്ടി നിറയൊഴിഞ്ഞു. ചെറിയ ഈയ ഉണ്ടകള്‍ മകളുടെ അടിവയറ്റില്‍ തുളഞ്ഞുകയറി. ഭയം മൂലം ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് രഹസ്യമായി നാട൯ചികിത്സകള്‍ ചെയ്തുനോക്കി. പക്ഷേ, ഒരാഴ്ചയായപ്പോള്‍ വയറ്റില്‍ പഴുപ്പ് ബാധിച്ച് യുവതി മരിച്ചു. കള്ളത്തോക്കായിരുന്നതിനാല്‍ പോലീസില്‍ അറിക്കാ൯ ഭയന്ന് ശവം രാത്രിയില്‍ സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളി.

ഒരു വ൪ഷത്തോളം കഴിഞ്ഞപ്പോള്‍ കടുത്ത വേനലില്‍ നാട്ടില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ഗ്രാമത്തിലെ പൊട്ടക്കിണ൪ വൃത്തിയാക്കാ൯ ഗ്രാമീണ൪ തീരുമാനിച്ചു. അപകടം മനസ്സിലാക്കിയ വൃദ്ധ൯ രാത്രി കിണറ്റിലിറങ്ങി അസ്ഥികൂടം എടുത്ത് ചാക്കില്‍ കെട്ടി നദിയില്‍ കളഞ്ഞെങ്കിലും വെപ്രാളത്തിനിടെ ഇരുട്ടില്‍ മൂന്ന് എല്ലി൯കഷണങ്ങള്‍ കിണറ്റില്‍തന്നെ കിടന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.

പോലീസ് അയാളെ നീതിപീഠത്തിനു മുന്നിലെത്തിച്ച് അ൪ഹമായ ശിക്ഷ വാങ്ങിക്കൊടുത്തു

കിണറ്റില്‍ നിന്ന് ഡോ. സ്മിത്തിന്റെ മുമ്പിലെത്തിയത് ഇടുപ്പെല്ലിന്റെ മൂന്ന് കഷണങ്ങളായിരുന്നു.
സ്ത്രീപുരുഷന്മാരുടെ ഇടുപ്പെല്ലുകള്‍ തമ്മില്‍ ചില ആകൃതിവ്യത്യാസം ഉണ്ട്. ഇത് വെച്ചാണ് മരിച്ചത് സ്ത്രീയാണെന്ന് സ്മിത്ത് പറഞ്ഞത്. എല്ലുകളുടെ വളച്ചയില്‍ നിന്ന് പ്രായം നി൪ണ്ണയിച്ചു.ഗ൪ഭസ്ഥശിശുവിന്റെ വള൪ച്ച മൂലം ഗ൪ഭപാത്രം വികസിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന parturition pits എന്ന ചെറുദ്വാരങ്ങളുടെ സാന്നിദ്ധ്യം ഇടുപ്പെല്ലിന്റെ ഉള്ളില്‍ കണ്ടതിനാല്‍ മരിച്ച യുവതി ഒരിക്കലെങ്കിലും ഗ൪ഭിണിയായിട്ടുണ്ടെന്ന നിഗമനത്തില്‍ സ്മിത്ത് എത്തി.
വലത് ഇടുപ്പെല്ലും വലത് തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്ന സന്ധിയും ഇടതുവശത്തേതിനേക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഇടതുകാലിന്റെ നീളക്കുറവ് മൂലം ശരീരഭാരം മുഴുവ൯ വലതുകാലിന് വഹിക്കേണ്ടിവരുന്നതിനാലാണ് ഇങ്ങനെ സന്ധി വലുതാകുന്നത്.
കുട്ടിക്കാലത്ത് പോളിയോ വന്നവരിലാണ് ഇങ്ങനെ കാല്‍ശോഷിപ്പ് മൂലമുള്ള മുടന്ത് കാണുന്നത്. അതുകൊണ്ടാണ് മരിച്ച യുവതി മുടന്തിയും പോളിയോ ബാധിതയും ആയിരിക്കണമെന്ന് സ്മിത്ത് അനുമാനിച്ചത്.
എല്ലിന്റെ ഉള്‍ഭാഗത്ത് ധാരാളം ഈയ ഉണ്ടകള്‍ തറച്ചിരുന്നതില്‍ നിന്ന് ഒറ്റ വെടിക്ക് അനേകം ചെറുഉണ്ടകള്‍ ചിതറിപ്പായുന്ന ഷോട്ട്ഗണ്‍ എന്നയിനം തോക്കാണ് ഉപയോഗിച്ചതെന്ന് മനസ്സിലായി. ഉണ്ടകള്‍ തമ്മിലുള്ള അകലത്തില്‍ നിന്ന് വെടിവെച്ച ദൂരം കണക്കാക്കാ൯ കഴിഞ്ഞു.
ഇടുപ്പെല്ലില്‍ വെടിയുണ്ടകള്‍ തറച്ച ദിശ പരിശോധിച്ചതില്‍ നിന്ന് സ്ത്രീ നില്‍ക്കുമ്പോള്‍ താഴെ നിന്നാണ് വെടിയേറ്റതെന്ന് മനസ്സിലായി. വെടിയേറ്റ ഭാഗത്ത് എല്ല് പഴുത്തിരുന്നതായും പഴുപ്പ് ബാധിച്ച ഭാഗത്ത് ഒരാഴ്ച കഴിഞ്ഞതിന്റെ വ്യത്യാസങ്ങള്‍ വന്നിരുന്നതായും മൈക്രോസ്കോപ്പുപയോഗിച്ച് നിരീക്ഷിച്ചപ്പോള്‍ കാണാ൯ കഴിഞ്ഞു. അതായത് വെടിയേറ്റ് ഒരാഴ്ച കൂടി ആള്‍ ജീവിച്ചിട്ടുണ്ടാകും. എല്ലുകളില്‍ അപ്പോഴും കുറച്ച് മാംസം ഒട്ടിപ്പിടിച്ചിരുന്നതില്‍ നിന്ന് മരണം നടന്നിട്ട് ഏതാനും മാസങ്ങളേ കഴിഞ്ഞിട്ടുള്ളൂ എന്നും അനുമാനിച്ചു.

നിഗൂഢമായ അനേകം മരണങ്ങള്‍ക്ക് തുമ്പുണ്ടാക്കിയ ഡോ. സ്മിത്തിന് ഈജിപ്റ്റിലെ ഉന്നത ബഹുമതിയായ  Commander of the Order of the Nile നല്‍കിയാണ് അവിടത്തെ സ൪ക്കാ൪ ആദരിച്ചത്. Commander of the Most Excellent Order of the British Empire എന്ന ബഹുമതിയും 'സ൪' സ്ഥാനവും ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നല്‍കി ബ്രിട്ടീഷ് ഗവണ്മെന്റും അദ്ദേഹത്തെ ആദരിച്ചു.

ഡോ. സിഡ്നി സ്മിത്തിന്റെ ആത്മകഥയാണ് 'Mostly Murder'(1959).

കടപ്പാട് . - എഴുത്തുകാരന്

No comments:

Post a Comment