Tuesday, February 16, 2016

എന്താണ് എഫ്–16? F16 fighter falcon

F16 fighter falcon
F16 fighter falcon
അമേരിക്കൻ നിർമ്മിത അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമാണ് എഫ്–16. എഫ് 16 ഫൈറ്റിങ് ഫാൽക്കൺ എന്നാണ്. പോരാടും കഴുകൻ എന്നർഥം വരുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റിൽ സ്റ്റാർ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർൾഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിക്കുന്നു.
ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. എഫ്–16 കുറഞ്ഞ കാലത്തിനിടെ വിവിധ രാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം തന്നെയായിരുന്നു ഇതിന്റെ പിന്നിലെ രഹസ്യം. തുടർന്ന് വിദേശ വിപണിയിൽ വിൽപനയ്ക്ക് വയ്ക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു.
ചുരുങ്ങിയത് 25 രാജ്യങ്ങളിലേയ്ക്കു എഫ്–16 കയറ്റുമിതി ചെയ്തിട്ടുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി നേരത്തെ ഇന്ത്യയും എഫ്–16 വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാന്‍സിന്‍റെ റാഫെല്‍ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്.
അതേസമയം, നിലവില്‍ എഫ്–16 ഫൈറ്റിങ് ഫാല്‍കണ്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. 1980 കളിലാണ് പാക്കിസ്ഥാൻ ഈ എഫ്–16 യുദ്ധവിമാനങ്ങൾ വാങ്ങിയത്. എന്നാൽ സാങ്കേതിക സംവിധാനങ്ങൾ മാറിയതോടെ ഇവയുടെ ഏറ്റവും പുതിയ രൂപമായ എഫ് 16 ബ്ലോക്ക്‌ 52 വാങ്ങാനും പാക്കിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അമേരിക്ക എഫ് 16 , f 18 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു നല്‍കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. അന്നു അമേരിക്കയുടെ തീരുമാനത്തിനെതിരെ പാക്കിസ്ഥാനും ശക്തമായി രംഗത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് നൽകുന്നുവെങ്കിലും എഫ്–16 തങ്ങള്‍ക്കും വേണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അതൃപ്തി കണക്കിലെടുത്ത് അമേരിക്ക തീരുമാനം നീട്ടിവെച്ചു. എന്നാൽ ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ പദ്ധതിയെ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ പുതിയ നീക്കം.
എല്ലാ കാലാസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ്–16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാനാകും. ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്കും പാക്കിസ്താന്‍ ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. 2008ൽ കാർഗിൽ യുദ്ധസമയത്ത് പാക്കിസ്ഥാൻ അതിർത്തിയിൽ റോന്തു ചുറ്റാൻ പിഎഎഫ് എഫ്–16എസ് ഉപയോഗിച്ചിരുന്നു.
എഫ്–16 ന്റെ പുതിയ വിമാനങ്ങൾ എത്തുന്നതോടെ പാക്കിസ്ഥാന്റെ പ്രതിരോധ വിഭാഗം കൂടുതൽ ശക്തിയാർജ്ജിക്കും. ഭീകരവാദത്തെയും അതിർത്തി രാജ്യങ്ങളുടെ ഭീഷണികളെയും നേരിടാൻ എഫ്–16 പുതിയ വിമാനങ്ങൾക്ക് കഴിയുമെന്നാണ് പാക്കിസ്ഥാൻ കരുതുന്നത്.
1974 ജനുവരി 20നാണ് ആദ്യ എഫ്–16 പോർവിമാനം പുറത്തിറങ്ങിയത്. 25 രാജ്യങ്ങളോളം ഉപയോഗിക്കുന്ന എഫ്–16 ഏറ്റവും മികച്ച പോർവിമാനം തന്നെയാണ്. 4540 എഫ്–16 വിമാനങ്ങൾ നിർമ്മിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 1998 ലെ കണക്കുകൾ പ്രകാരം 14.6 ദശലക്ഷം ഡോളറാണ് എഫ്–16 എ/ബി വിമാനത്തിന്റെ വില.
ഒരാൾക്കു പറത്താവുന്ന വിമാനത്തിന്റെ നീളം ഏകദേശം 49 അടിയാണ് (15 മീറ്റർ). 16 അടി ഉയരം. ടേക്ക് ഓഫ് സമയത്ത് 19200 കിലോഗ്രാം വരെ വഹിക്കാനാകും. പരമാവധി വേഗത 1.2 മാക് ( മണിക്കൂറിൽ 1470 കിലോമീറ്റർ). വിവിധ തോക്കുകൾ, റോക്കറ്റുകൾ, മിസൈലുകൾ, ബോംബുകൾ എന്നിവയെല്ലാം വേണ്ടപോലെ ഉപയോഗിക്കാൻ കഴിയും.

ആന്ദ്രെ എസ്കോബാർ andre escobar

andre escobar
andre escobar


ഒരു സെല്‍ഫ് ഗോളിന്റെ പേരില്‍ ജീവന്‍ ബലി നല്‍കേണ്ടി വന്ന 27കാരന്‍ കൊളംബിയന്‍ ഡിഫന്‍ഡര്‍. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപത്ത് ഫുട്‌ബോള്‍ കേവലം പന്തു കളിയല്ലെന്നും അത് ആമസോണ്‍ പോലെ നിഗൂഢമാണെന്നും ലോകം ഞെട്ടലോടെ മനസിലാക്കിയത് 1994 ജൂലൈ രണ്ടിന്റെ രാത്രിയിലാണ്.ഡീഗോ മറഡോണ മരുന്നടിക്കു പിടിക്കപ്പെട്ട അതേ അമേരിക്കന്‍ ലോകകപ്പിലായിരുന്നു ഫുട്‌ബോള്‍ ലോകം ഓര്‍ക്കാന്‍ വെറുക്കുന്ന എസ്‌കോബാര്‍ ദുരന്തം.

ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീനക്കെതിരെ 5-0ന്റെ ആധികാരിക വിജയവുമായി ലോകകപ്പിന് പുറപ്പെടുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും കൊളംബിയ സ്വപ്‌നം കണ്ടിരുന്നില്ല. പെലെയടക്കമുള്ളവരുടെ പ്രവചനങ്ങളിലും കിരീട സാധ്യതയില്‍ ഒന്നാം സ്ഥാനം അവര്‍ക്കായിരുന്നു. കാര്‍ലോസ് വാള്‍ഡറാമ, ഫ്രെഡി റിങ്കോണ്‍, ഫോസ്റ്റിനോ ആസ്പ്രില്ല തുടങ്ങിയവര്‍ അണിനിരന്ന ഒരു പ്രതിഭാ സംഘമായിരുന്നു അത്. 26 കളികളില്‍ ഒരു മത്സരം മാത്രം തോറ്റാണ് കൊളംബിയ ലോകകപ്പിന് പുറപ്പെട്ടത്.

എന്നാല്‍, ആദ്യ മത്സരത്തില്‍ റൊമാനിയ അവരെ 3-1ന് തകര്‍ത്ത് വാര്‍ത്ത സൃഷ്ടിച്ചു. 91,000 കാണികള്‍ തിങ്ങിനിറഞ്ഞ റോസ് ബൗളിലെ അതേ മൈതാനത്തായിരുന്നു അടുത്ത മത്സരം. എതിരാളികള്‍ ആതിഥേയര്‍. അമേരിക്കക്കെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും കൊളംബിയക്ക് മതിയാകുമായിരുന്നില്ല.

34-ാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് പന്ത് നിയന്ത്രിക്കാനുള്ള ആന്ദ്രെ എസ്‌കോബാറിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിച്ചു. ക്യാപ്റ്റന്റെ കാലില്‍ നിന്നെത്തിയ ആ ഗോള്‍ കൊളംബിയക്ക് സഹിക്കാനാകുമായിരുന്നില്ല. പ്രത്യേകിച്ച് ടീമിന്റെ മുന്നേറ്റം വാതുവെച്ച് കാത്തിരിക്കുകയായിരുന്ന നാട്ടിലെ വാതുവെപ്പ് മാഫിയകള്‍ക്ക്. 2-1ന് കൊളംബിയ കളി തോറ്റു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മൂന്നാം മത്സരം 2-0ന് ജയിച്ചെങ്കിലും കൊളംബിയയുടെ പുറത്താകല്‍ ഉറപ്പിക്കപ്പെട്ടതായിരുന്നു.

ടൂര്‍ണമെന്റിന്റെ ഇടയില്‍ തന്നെ കൊളംബിയന്‍ സംഘത്തിനെതിരെ വധഭീഷണി ഉണ്ടായിരുന്നതായി ടോപ് സ്‌ട്രൈക്കര്‍ ഫോസ്റ്റിനോ ആസ്പ്രില്ല പിന്നീട് പറഞ്ഞു. മിഡ്ഫീല്‍ഡര്‍ ബാരാബാസ് ഗോമസിനെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കരുതെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. ബാരാബാസ് അന്ന് കളിച്ചിരുന്നെങ്കില്‍ തങ്ങളെയെല്ലാവരെയും അവര്‍ കൊന്നു കളയുമായിരുന്നെന്ന്് 2010ല്‍ ഇ.എസ്.പി.എന്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ആസ്പ്രില്ല പറഞ്ഞു.

ടീം പുറത്തായി അഞ്ചാം ദിവസം എസ്‌കോബാറിന് ജീവന്‍ നല്‍കേണ്ടി വന്നു. മെഡലിനിലെ ജന്‍മനാട്ടിലായിരുന്നു കൊളംബിയന്‍ നായകന്റെ അന്ത്യം. നിശാക്ലബില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു എസ്‌കോബാര്‍. മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും അഭിവാദ്യം ചെയ്ത് അടുത്തേക്ക് വന്നു. ഓണ്‍ ഗോളിനെ കുറിച്ചായിരുന്നു അവരുടെ ചോദ്യം. അതൊരു പിഴവായിരുന്നെന്ന് വാദിച്ച് അവരുമായി തര്‍ക്കിക്കേണ്ടി വന്നു എസ്‌കോബാറിന്. പെട്ടെന്ന് രണ്ടു പേര്‍ കൈ തോക്കുകള്‍ പുറത്തെടുത്തു. ആറു തവണ നിറയൊഴിച്ചു. അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 45 മിനുട്ടിനുള്ളില്‍ എസ്‌കോബാര്‍ പ്രാണന്‍ വെടിഞ്ഞു.

കൊളംബിയയിലെ മാഫിയ സംഘങ്ങളിലൊന്നിന്റെ ബോഡി ഗാര്‍ഡായ ഹുംബര്‍ട്ടോ കാസ്‌ട്രോ മുനോസ് കുറ്റമേറ്റു. 43 വര്‍ഷത്തേക്ക് മുനോസ് ജയിലിലടക്കപ്പെട്ടു. 11 വര്‍ഷത്തിനു ശേഷം നല്ല നടപ്പിനെ തുടര്‍ന്ന് വിട്ടയക്കപ്പെടുകയും ചെയ്തു.എസ്‌കോബാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് 120,000 പേരാണ് പങ്കെടുത്തത്. ദുരന്തത്തെ തുടര്‍ന്ന് കൊളംബിയന്‍ താരങ്ങളില്‍ പലരും ഒന്നിച്ച് കളിനിര്‍ത്തി. നിശാക്ലബ് തകര്‍ക്കപ്പെട്ടു. പുല്ലും പാഴ്‌ച്ചെടികളും വളര്‍ന്ന് അവിടെ കാടുമൂടി. ഒരു മഹാപാപവും അതിനോടൊപ്പം മണ്ണിലലിഞ്ഞു പോയെങ്കിലെന്ന് കൊളംബിയ ആശിച്ചു.

21ാം വയസിലാണ് എസ്കോബാര്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ആരംഭിക്കുന്നത്. 1988 ല്‍ ദേശീയ ടീമിലെത്തി. അമ്മ നഷ്ടപ്പെട്ട വേദന എസ്കോബാര്‍ മറന്നത് പന്തു തട്ടിയായിരുന്നു. ഫുട്ബോളിലെ മാന്യന്‍ എന്നായിരുന്നു അക്കാലത്ത് എസ്കോബാര്‍ അറിയപ്പെട്ടിരുന്നത്. ദ ടു എസ്കോബാര്‍സ് എന്ന ഡോക്യുമെന്‍ഡറി എസ്കോബാറിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ചതാണ്. ഇന്നും എസ്കോബാറിനെ മറക്കാന്‍ കൊളംബിയയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കഴിയുന്നില്ല. കൊളംബിയന്‍ ലീഗില്‍ മത്സരം തുടങ്ങുമ്പോള്‍ എസ്കോബാറിനെ കുറിച്ച് പാട്ടുകള്‍ പാടും. ഇപ്പോഴും എസ്കോബാറിന്‍റെ ഹെയര്‍സ്റ്റൈലുകള്‍ കൊളംബിയയിലെ യുവാക്കള്‍ക്ക് ഹരമാണ്.

ഒരു നിമിഷത്തെ പിഴവിന്റെ പേരില്‍ ആറടി ഉയരക്കാരനായ ഒരു ഡിഫന്‍ഡറുടെ എല്ലാ സംഭാവനയും ചില ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ മറന്നു കളഞ്ഞത് ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം വേദനയോടെ ഓര്‍ക്കുന്നു .

മുല്ലപ്പെരിയാറിന്‍റെയും കേരളം കബളിപ്പിക്കപ്പെട്ടതിന്‍റെയും ചരിത്രം mullaperiayar dam history

mullaperiyar dam impact
mullaperiyar dam impact

എന്‍റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനു മുന്‍പ് ഈ കരാറിനെ വിശേഷിപ്പിച്ചത് പ്രിയ സുഹൃത്തുകളെ അദ്ദേഹം പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം നമ്മളിന്ന് അറിയുന്നു ????
മുല്ലപ്പെരിയാര്‍ വിഷയം രണ്ടു ദേശങ്ങള്‍ തമ്മിലുള്ള വൈകാരിക പ്രശ്നത്തിലേക്ക് വഴി തുറക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍, അതിലുപരി മുപ്പതിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം കുരുതി കൊടുക്കാന്‍ ഒരുങ്ങുന്ന തമിഴ്നാടിന്‍റെ നെറികെട്ട വാശിക്കെതിരെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ ഞാനും പ്രതിക്ഷേധിക്കുന്നു.
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാർ. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുന്നു. ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല.
അണക്കെട്ട് വന്ന വഴി; പരിഗണിക്കാത്ത ആവശ്യം
************************************************************
മുല്ലയാറും പെരിയാറും ഒത്തുചേർന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാർ' എന്ന പേരിൽ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിർത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂർ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിർത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകർത്താക്കൾക്ക് ഉണ്ടായി, തിരുവിതാംകൂർ അതിനോട് യോജിച്ചു.
തിരുവിതാംകൂറിന്റെ ഉപാധികൾ
*********************************************
1.തിരുവിതാംകൂർ നൽകുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നൽകുക.
2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.
3.8000 ഏക്കറിൽ കൂടുതൽ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടി വന്നാൽ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതൽ നൽകുക.
4.ആവശ്യമെങ്കിൽ മദ്രാസ് പ്രവിശ്യയിലെ കർഷകർക്ക് വെള്ളം നൽകുന്ന ഇതേ വ്യവസ്ഥകളിന്മേൽ തിരുവിതാംകൂറിലെ കർഷകർക്കും വെള്ളം നൽകുക.
ഉപാധികളിന്മേൽ ചർച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേർത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകൾ ഭേദഗതികളോടെ അംഗീകരിച്ചു.
1886 ഒക്ടോബർ 29ന് ബ്രിട്ടീഷ് സർക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവെച്ചു. തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങൾക്കായുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂർ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സർക്കാർ വക്കീൽ ഐ.എച്ച്. പ്രിൻസും സാക്ഷികളായി ഒപ്പിട്ടു.
( തിരുവിതാംകൂർ ഭരണാധികാരി വിശാഖം തിരുനാൾ രാമവർമ്മ (1881 - 1885) ഈ കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ രാമവർമ്മ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്. പിന്നീട് ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. )
അംഗീകരിക്കപ്പെട്ട വ്യവസ്ഥകൾ
****************************************
1.പ്രതിവർഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നൽകും. അത് തിരുവിതാംകൂർ വർഷംതോറും ബ്രിട്ടീഷ് സർക്കാറിന് കൊടുക്കുന്ന തുകയിൽ നിന്ന് കുറവ് ചെയ്യും.
2.8000 ഏക്കറിൽ കൂടുതൽ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാൽ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതൽ നൽകും.
3.അണക്കെട്ട് നിർമാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നൽകാതെ തിരുവിതാംകൂർ പ്രദേശത്ത് നിന്നെടുക്കാൻ പാട്ടക്കാരന് അവകാശമുണ്ടാകും
.
4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.
5.കരാർ നടപ്പാക്കുന്നതിനിടയിൽ ഉയർന്നേക്കാവുന്ന തർക്കങ്ങൾ രണ്ട് സർക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും.
ഡാമിന്റെ നിർമ്മാണം
*****************************
പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി കഠിന വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി മുതലായ സ്ഥലങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം. ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ വൈഗ നദിയിൽ കൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകർഷണം.
സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 1200 അടി നീളവും 155 അടി ഉയരവും. ഈ ഫെബ്രവരിയിൽ ഡാം നിർമിച്ചിട്ട് 116 വർഷം പൂർത്തിയായി. അന്നത്തെ നിർമ്മാണ സാമഗ്രികളും അറിവും സാങ്കേതിക വിദ്യയുമാണ് ഡാം നിർമാണത്തിന് ഉപയോഗിച്ചത്. ഇപ്പോഴത്തെ അണക്കെട്ടിന് ഏകഭാവമില്ല. പല കാലത്ത് പലതരം വസ്തുക്കൾ കൊണ്ടുള്ള ചേർപ്പായി അത് മാറിയിരിക്കുന്നു. ഇന്നത്തെ അണക്കെട്ടുകൾക്ക് കൊടുക്കുന്നപോലെ 'എക്‌സ്പാൻഷൻ ജോയന്റു'കളൊന്നും മുല്ലപ്പെരിയാർ അണക്കെട്ടിനില്ല. മുഴുവൻ ഒറ്റ ബ്ലോക്കാണ്. അണക്കെട്ടിന്റെ മുന്നിൽ, ജലാശയത്തെ തൊട്ടിരിക്കുന്ന ഭാഗത്ത് സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി, (അക്കാലത്ത് നിർമാണമേഖലയിൽ സിമന്റ് പ്രചാരത്തിലായിരുന്നില്ല.) അതിന് തൊട്ടുപിന്നിൽ ചുണ്ണാമ്പും സുർക്കിയും കല്ലും ചേർത്തുള്ള കോൺക്രീറ്റ്, പിന്നിൽ വീണ്ടും സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി, അതിനുശേഷം ഗ്രൗട്ട് ചെയ്ത് അടയ്ക്കാത്ത നേരിയ വിടവ്, ഏറ്റവും ഒടുവിൽ പഴയ അണക്കെട്ടിന്റെ പിൻഭാഗത്ത് പുതിയ കോൺക്രീറ്റ് എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ.
വെള്ളം നിറച്ച ആദ്യദിവസങ്ങളിൽ തന്നെ അണക്കെട്ടിന്റെ പിൻഭാഗത്ത് നനവും ഊറലും കണ്ടുതുടങ്ങിയെന്ന് രേഖകൾ പറയുന്നു. ഈ ഊറൽ ജലത്തിലൂടെ പ്രതിവർഷം ശരാശരി 30 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത് തമിഴ്‌നാട് തന്നെ.
ജോൺ പെനിക്യൂക്ക്
**************************
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്. 1858 ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. ജോൺ പെനിക്യൂക്കും മേജർ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച് 62 ലക്ഷം ഇന്ത്യൻ രൂപ ചെലവു വരുന്ന പദ്ധതിയായിരുന്നു ഇരുവരും കൂടി തയ്യാറാക്കിയത്. 1887 ൽ അണക്കെട്ടിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസ മൃഗങ്ങൾക്കിരയായി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ അണക്കെട്ട് താൻ ഒറ്റക്കു തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും, ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢ നിശ്ചയത്തിനു സർക്കാരും ഉറച്ച പിന്തുണ നൽകി. 1895 ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. 81.30 ലക്ഷം രൂപ ആകെ ചിലവായി.
തർക്കം തുടങ്ങിയതെങ്ങനെ
**********************************
1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1970 ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർക്കുകയും ചെയ്തു. കൂടാതെ പദ്ധതി പ്രദേശത്ത് ഒരു പുതിയ വൈദ്യുതനിലയം നിർമ്മിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനു കിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.
1979ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. തുടർന്ന് കേന്ദ്ര ഭൗമ ശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ സ്‌കെയിലിൽ ആറ് വരുന്ന ഭൂകമ്പത്തെ താങ്ങാൻ കഴിയില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി 1976ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവി സങ്കേതത്തിലുണ്ടാകുന്ന ജൈവനഷ്ടമെന്ന പരിസ്ഥിതി പ്രശ്‌നം കൂടി മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഉൾപ്പെടുത്തി.
സുരക്ഷാപ്രശ്‌നങ്ങൾ
**************************
1. മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 60വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.
2. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ കാലപ്പഴക്കത്തെ അതിജീവിക്കില്ല. ഏറെ ഭാഗം ഒഴുകിപ്പോയി.
3. മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പ ഭ്രംശമേഖലയിലാണ്.
4. അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ.
5 അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയോ നിരങ്ങിമാറുകയോ ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയ ജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത്.
തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന വഴി
*****************************************************
തേക്കടി ബോട്ട് ലാൻഡിങ്ങിനടുത്തുനിന്ന് തടാകത്തിന്റെ അരികിൽക്കൂടി 5342 അടി നീളവും 21 അടി, അടിത്തട്ട് വീതിയുമുള്ള കനാലിലൂടെ വെള്ളം കുമളി ടൗണിനടുത്ത് എത്തിക്കുന്നു. തേക്കടി പാർക്കിന്റെ പ്രവേശന ഭാഗത്താണിത്. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റിനടുത്ത്. അവിടെ നിന്ന് മലതുരന്ന്, കമ്പംതേനി റോഡിനടിയിൽക്കൂടി 5887 അടി നീളമുള്ള ടണലിലൂടെ പശ്ചിമഘട്ടത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ 3.2 ദശലക്ഷം ഘനയടി മാത്രം ശേഷിയുള്ള ഡാമിലാണ് വെള്ളമെത്തുക.
ഈ ഡാമിൽ നിന്ന് സെക്കൻഡിൽ 1600 ഘനയടി വെള്ളം കൊണ്ടുപോകാൻ ശേഷിയുള്ള, 3992 അടി നീളം വരുന്ന പവർ ടണലിലൂടെ മലയുടെ മറ്റൊരു ഭാഗത്തെത്തിക്കുന്നു. അവിടെ നിന്ന് സെക്കൻഡിൽ 400 ഘനയടി വീതം വെള്ളം പ്രവഹിപ്പിക്കാൻ കഴിയുന്ന നാല് പെൻസ്റ്റോക്ക് പൈപ്പിലൂടെ ലോവർക്യാമ്പ് വൈദ്യുത നിലയത്തിലാണ് വെള്ളമെത്തിക്കുക. ഈ വെള്ളമുപയോഗിച്ച് ഇവിടെ 140 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിനുശേഷം ഈ വെള്ളം വരൈവനാറിലൂടെ വൈഗൈ അണക്കെട്ടിൽ എത്തിച്ചേരുന്നു. വൈഗൈ അണക്കെട്ടിന്റെ താഴെയാണ് ഈ വെള്ളം ഉപയോഗിച്ച് ജലസേചനം ചെയ്യുന്ന പ്രധാന അണക്കെട്ട്. വൈഗൈയിൽ എത്തുന്നതിനുമുമ്പ് പതിനായിരത്തിലധികം ഏക്കർ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.
ഡാം തകർന്നാൽ
*********************
മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. പെട്ടെന്നുള്ള ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിന്റെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്..!!