ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിംഗിന്റെ കഥാപാത്രമാണ് ഹാരി പോട്ടര്‍ എന്ന കൗമാരക്കാരനായ മാന്ത്രികന്‍. 1997ല്‍ ആണ് ഹാരിപോട്ടര്‍ കഥാപാത്രമായ ആദ്യ പുസ്‌തകം പുറത്തിറങ്ങുന്നത്. ഏഴു പുസ്‌തകങ്ങളാണ് ഹാരിപോട്ടര്‍ പരമ്പരയില്‍ പുറത്തുവന്നിട്ടുള്ളത്. ദരിദ്രയായ റൗളിംഗിനെ ഹാരിപോട്ടര്‍ പുസ്‌തകങ്ങള്‍ മാന്ത്രിക കഥയിലെന്നവണ്ണം കേവലം അഞ്ചുവര്‍ഷം കൊണ്ട് കോടീശ്വരിയാക്കിമാറ്റി.
ഇതുവരെ അന്‍പതു കോടിയിലധികം ഹാരിപോട്ടര്‍ പുസ്‌തകങ്ങള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. ലോകത്തെ കീഴടക്കാനുള്ള യജ്‌ഞത്തിനിടയില്‍ തന്റെ മാതാപിതാക്കളെ കൊന്ന ദുഷ്‌ടമാന്ത്രികനായ വോള്‍ഡര്‍മോര്‍ട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു.
ബാലസാഹിത്യം എന്ന ഗണത്തിലാണ് പരമ്പരയിലെ ആദ്യ പുസ്‌തകം വിപണിയിലെത്തിയതെങ്കിലും പിന്നീട് ലോകമെമ്പാടും എല്ലാ പ്രായക്കാരുടെയും ഇഷ്‌ടക്കാരനായി ഹാരീപോട്ടര്‍ മാറി. പ്രായഭേദമെന്യേ മാന്ത്രികതയോടും അത്ഭുതങ്ങളോടുമുള്ള കൗതുകമാണ് ഹാരീപോട്ടറെ തരംഗമാക്കിയത്.
1965ല്‍ ബ്രിട്ടണിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ജെ.കെ. റൗളിംഗിന്റെ യഥാര്‍ത്ഥപേര് ജോവാന്‍ റൗളിംഗ് എന്നാണ്. എല്ലാവരും വിളിച്ചിരുന്നത് ജോ എന്നും. ആദ്യ പുസ്‌തകം പുറത്തിറക്കാന്‍നേരം പ്രസാധകരാണ് ജെ.കെ. റൗളിംഗ് എന്നു പേരുമാറ്റിയത്. ഒരു സ്‌ത്രീയെഴുതുന്ന മാന്ത്രിക കഥകള്‍ വായിക്കാന്‍ ആണ്‍കുട്ടികള്‍ താല്‍പര്യം കാട്ടില്ല എന്നു പേടിച്ചായിരുന്നു പേരുമാറ്റം.
കെട്ടുകഥകള്‍ ഉണ്ടാക്കാനും അതു പറഞ്ഞു ഫലിപ്പിക്കാനുമുള്ള വിരുത് റൗളിംഗിനു ബാല്യത്തിലേ ഉണ്ടായിരുന്നു. റൗളിംഗിനു രണ്ടുവയസുള്ളപ്പോഴാണ് അനിയത്തി ഡയാന പിറക്കുന്നത്. അവളെ രസിപ്പിക്കാനായാണ് അവള്‍ കഥകളുണ്ടാക്കി പറയാന്‍തുടങ്ങിയത്.
ബിരുദംനേടിയ ശേഷം ചെറിയ ജോലികള്‍ ചെയ്‌തു കഴിയുന്ന കാലത്താണ് മായാജാലക്കാരനായ ഹാരി എന്ന കഥാപാത്രം റൗളിംഗിന്റെ മനസിലേക്കെത്തുന്നത്. വൈകിയോടിയ ഒരു ട്രെയിനില്‍ വെറുതേ ഓരോന്ന് ആലോചിച്ചിരിക്കേ ഹാരിപോട്ടര്‍ എന്ന ആശയം വീണുകിട്ടുകയായിരുന്നു.
''മറ്റൊരു ആശയത്തേക്കുറിച്ചും ഞാന്‍ ഇത്ര ആവേശം കൊണ്ടിട്ടില്ല. ഞാന്‍ നാല് മണിക്കൂര്‍ ട്രെയിനിലിരുന്ന് ചിന്തിച്ചു. ഓരോ വിശദാംശങ്ങളും എന്റെ ഭാവനയില്‍ പൊട്ടിമുളച്ചു.
താന്‍ ഒരു മാന്ത്രികനാണെന്നറിയാത്ത കണ്ണടയിട്ട കറുത്ത മുടിയുള്ള മെലിഞ്ഞ ആണ്‍കുട്ടി എനിക്ക് കൂടുതല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരുന്നു.'' മുഖം തുടയ്‌ക്കാന്‍ കയ്യില്‍ കരുതിയിരുന്ന പേപ്പറില്‍ അതെല്ലാം കുറിച്ചിട്ടു.
അതേവര്‍ഷമാണ് റൗളിംഗിന്റെ അമ്മ മരിച്ചത്. അമ്മയുടെ മരണം റൗളിംഗിന്റെ എഴുത്തിലും നിഴലിച്ചു. മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട ഹാരീപോട്ടറുടെ ജീവിതം റൗളിംഗ് ആവിഷ്‌കരിച്ചത് അക്കാലത്താണ്.
ഇരുപത്തി ആറാം വയസില്‍ പോര്‍ച്ചുഗലില്‍ അധ്യാപികയായി ജോലിക്കു ചേര്‍ന്ന റൗളിംഗ് അവിടെ വച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് അരാന്റസിനെ കണ്ടുമുട്ടുന്നത്. ഇരുവരും വിവാഹിതരായെങ്കിലും ദാമ്പത്യം ഒരുവര്‍ഷത്തിലധികം നീണ്ടില്ല.
മകള്‍ ജസീക്ക ജനിച്ച് അധികം വൈകാതെ 93ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കുഞ്ഞുമായി ജന്‍മനാട്ടിലേക്ക് തിരിച്ചുവന്ന് കുറച്ചുകാലം അനുജത്തിക്കൊപ്പം താമസിച്ചു. പിന്നീട് ഒറ്റമുറി വീട്ടിലേക്ക് മാറി.
അധ്യാപക ജോലിക്കു പലസ്‌ഥലത്തും ശ്രമിച്ചെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ലഭിച്ചില്ല. തുടര്‍ന്ന് ഈ സര്‍ട്ടിഫിക്കറ്റ് നേടാനുള്ള കോഴ്‌സിനു ചേര്‍ന്നു. വിധവകളായ സ്‌ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുച്‌ഛമായ തുകകൊണ്ടായിരുന്നു ജീവിതം. ദാരിദ്ര്യവും അരക്ഷിതാവസ്‌ഥയും റൗളിംഗിനെ വിഷാദത്തിലെത്തിച്ചു. എങ്കിലും അവര്‍ എഴുത്തു കൈവിട്ടില്ല.
മനസിലുള്ള ഹാരീപോട്ടറുടെ കഥ നോവല്‍ രൂപത്തില്‍ അവര്‍ എഴുതാന്‍ ആരംഭിച്ചു. കടുത്ത തണുപ്പില്‍നിന്നു രക്ഷനേടാന്‍ കാപ്പിക്കടകളില്‍ ഇരുന്നായിരുന്നു എഴുത്ത്. മകളെ ഉറക്കി മടിയില്‍ കിടത്തിയശേഷമാണ് എഴുത്തുതുടങ്ങുക. മാസങ്ങളെടുത്താണ് കഥ കടലാസിലേക്ക് പകര്‍ത്തിയത്.
ഉറക്കമിളച്ചുള്ള എഴുത്തുകാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ വേട്ടയാടി. എങ്കിലും അതീവ ശ്രമകരമായി പഴയ ഒരു ടൈപ്പ് റൈറ്ററില്‍ എഴുതിയ അധ്യായങ്ങളെല്ലാം അവര്‍ ടൈപ്പ് ചെയ്‌തു തീര്‍ത്തു.
അങ്ങനെ 1995ല്‍ ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്‌തകമായ 'ഹാരിപോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്‌സ് സ്‌റ്റോണ്‍' പൂര്‍ത്തിയായി. എന്നാല്‍ പുസ്‌തകമാക്കാന്‍ റൗളിംഗ് സമീപിച്ച പന്ത്രണ്ടു പ്രസാധകരും കൃതി നിരസിച്ചു. അവസാനം ബ്യൂംസ്‌ബെറി എന്ന ചെറിയ പ്രസാധകര്‍ പുസ്‌തകം പ്രസിദ്ധീകരണത്തിന് എടുത്തു. 97ല്‍ ഹാരിപോട്ടര്‍ ആദ്യമായി പുസ്‌തകരൂപത്തില്‍ പുറത്തുവന്നു.
ഒന്‍പതുമുതല്‍ പതിനൊന്നുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രസാധകര്‍ പുസ്‌തകമിറക്കിയത്. ആ വര്‍ഷം എഡിന്‍ബറോ പുസ്‌തകമേളയില്‍ തന്റെ ആദ്യ പുസ്‌തകവുമായെത്തിയ റൗളിംഗിനെ കാണാന്‍ കേവലം ഇരുപതുപേരായിരുന്നു വന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതേ പുസ്‌തകമേളയില്‍ എത്തിയ റൗളിംഗിനെ ഒരുനോക്കു കാണാനും കയ്യൊപ്പുവാങ്ങാനുമായി കാത്തുനിന്ന ആരാധകരുടെ ക്യൂ കിലോമീറ്ററുകള്‍ നീണ്ടിരുന്നു.
പരമ്പരയിലെ അവസാന പുസ്‌തകം 2007ല്‍ പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ റൗളിംഗിന്റെ സമ്പാദ്യം നൂറുകോടി ഡോളറിനു മുകളിലെത്തി. 67 ഭാഷകളിലേക്ക് റൗളിംഗിന്റെ പുസ്‌തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹാരീ പോട്ടറുടെ സാഹസങ്ങള്‍ പ്രമേയമാക്കിയ സിനിമകള്‍ ഇതുവരെ എണ്ണൂറുകോടി ഡോളറിനു മുകളില്‍ കളക്‌റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്.
2001ല്‍ മൈക്കിള്‍ മുറേ എന്ന ഡോക്‌ടറെ വിവാഹം കഴിച്ച് റൗളിംഗിന് ആ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. വരുമാനത്തിന്റെ നല്ലൊരു പങ്ക് വൈദ്യശാസ്‌ത്ര ഗവേഷണത്തിനാണ് റൗളിംഗ് മാറ്റിവച്ചിരിക്കുന്നത്. അകാലത്തില്‍ തന്റെ അമ്മയുടെ ജീവനെടുത്ത മള്‍ട്ടിപ്പിള്‍ സ്‌ക്ലെറോസിസ് രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് അവര്‍ പ്രധാനമായും സംഭാവന ചെയ്യുന്നത്.
Wednesday, June 29, 2016
ഹാരിപോട്ടര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment