Wednesday, January 27, 2016

കാസ്പിയൻ കടൽ caspian sea

caspian sea
caspian sea


റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ്‌ കാസ്പിയൻ കടൽ‍. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഉൾനാടൻ ഉപ്പുതടാകമായ കാസ്പിയൻ കടൽ അസർബൈജാൻ, റഷ്യ, ഖസാഖ്‌സ്ഥാൻ‍, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീർണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ വോൾഗ, യുറാൽ‍, കുറാല്‍, കുറാ എന്നിവ ഇതിലേക്ക് വന്നുചേർന്നുണ്ടെങ്കിലും ഈ കടലിന് ബഹിർഗമന മാർഗ്ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയിൽ നിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോൾബാൾടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാർഗ്ഗം എന്നനിലയിൽ പ്രാധാന്യം ഉണ്ടായിരുന്നു. കാസ്പിയൻ കടലിലെ നിരവധി തുറമുഖങ്ങളിൽ അസർബൈജാനിലെ ബാക്കു, ഇറാനിലെ എൻ‌സെലി, ബാൻഡെർ-ഇ-ടോർക്കമെൻ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ആഴമുള്ളിടത്തെ താഴ്ച്ച 1.025 കി.മീ. ആണ്‌. കടൽ വെള്ളത്തിൻറെ മൂന്നിലൊന്ന് ഉപ്പുരസമേ ഇതിലെ വെള്ള്ത്തിനുള്ളൂ. തെഥീസ് സമുദ്രത്തിൻറെയും കരിങ്കടലിൻറെയും അവശിഷ്ടമാണ്‌ കാസ്പിയൻ എന്നു കരുതപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ തെന്നിമാറലിൻറെ ഫലമായി 55 ലക്ഷം വർഷം മുൻപാണ്‌ കാസ്പിയൻ കടൽ സൃഷ്ടിക്കപ്പെട്ടത്. നദികൾ വന്നുചേരുന്നതിനാൽ കസ്പിയൻ കടൽ, വടക്കൻ ഭാഗങ്ങാളിൽ ശുദ്ധജല തടാകം പോലെയാണ്. ഇറാൻ തീരത്താണ് ഇതിന്‌ ഉപ്പുരസം. ഏതാണ്ട് 130ലേറെ നദികൾ ഇതിൽ വന്നുചേരുന്നു. വോൾഗയാണ് കൂട്ടത്തിൽ വലുത്. വെള്ളം വരവിൻറെ 80% വും വോൾഗയിൽ നിന്നുതന്നെ. നിരവധി ദ്വീപുകൾ കാസ്പിയൻ കടലിലുണ്ട്. ചിലതിലേ ജനവാസമുള്ളൂ. ധാരാളം എണ്ണനിക്ഷേപമുള്ള ബുള്ള ദ്വീപാണ് പ്രധാനം. അസർബൈജാനടുത്താണിത്. മറ്റൊന്ന് പൈറല്ലാഹി ദ്വീപ്. ഇവിടെയും എണ്ണയുണ്ട്.

ഭാരതം വിദേശ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടോ? india invaded any country?


കഴിഞ്ഞ പതിനായിരം വർഷങ്ങളുടെ ചരിത്രത്തിൽ ഭാരതം ഒരു വിദേശ രാഷ്ട്രത്തെയും ആക്രമിച്ചിട്ടില്ല എന്ന് നമ്മളിൽ പലരും പലയിടങ്ങളിലായി കേട്ടിട്ടും ,വായിച്ചിട്ടുമുണ്ട് .സ്കൂളുകളിലെ ചരിത്ര പഠനത്തിൽ ഇതേപ്പറ്റി പരാമർശങ്ങളേയുണ്ടായിരുന്നില്ല. എന്നാൽ ശരിക്കും ഭാരതം വിദേശ ആക്രമണം നടത്തിയിട്ടുണ്ടോ?
ഇതിനുത്തരം നൽകണമെങ്കിൽ ആദ്യം ഭാരതമെന്നതും, വിദേശമെന്നതും എന്തെന്ന് നിർവചിക്കേണ്ടതുണ്ട്. ഇന്നു നാം കാണുന്ന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ അതേ പോലെ അതിരുകളായി ഉണ്ടായിരുന്ന ഒരു രാജ്യവും ചരിത്രത്തിൽ നിലവിലിരുന്നില്ല .ഇന്നത്തെ ഇന്ത്യൻ പ്രദേശങ്ങൾ പല പല കൊച്ചു രാജ്യങ്ങളായോ, അല്ലെങ്കിൽ ഇപ്പോഴത്തെ അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ,ബംഗ്ലദേശ് ,മ്യാൻമാർ എന്നീ പ്രദേശങ്ങളൊക്കെ ഉൾപ്പെട്ട സാമ്രാജ്യങ്ങളൊ ആയിട്ടായിരുന്നു നിലനിന്നിരുന്നത്.ഈ നാട്ടുരാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ടെന്ന് നമുക്കറിയാം . മേൽ പറഞ്ഞ കാരണങ്ങളാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഉള്ള പ്രദേശങ്ങൾ എന്നെങ്കിലും ഒരു ഇന്ത്യൻ നാട്ടുരാജ്യം ആക്രമിച്ചിട്ടുണ്ടെങ്കിൽ സാമാന്യ യുക്തിക്ക്‌ അനുസരിച്ച് അത് വിദേശാക്രമണം ആയി പരിഗണിക്കാവുന്നതാണ്.
ഇത്തരത്തിൽ പരിശോധിച്ചാൽ ഒന്ന് അല്ലെങ്കിൽ രണ്ട് വിദേശ ആക്രമണങ്ങൾ ഭാരതം നടത്തിയിട്ടുണ്ട്.

1. രാജ രാജ ചോള(1)ൻ്റെ ശ്രീലങ്കൻ അധിനിവേശം
ഇന്ത്യൻ ഉപഭൂഖന്ധത്തിന് വ്യത്യസ്ത നിർവചനങ്ങൾ നിലവിലുണ്ട് എങ്കിലും ശ്രീലങ്കൻ ദ്വീപിനെ ഇന്ത്യൻ ഭാഗമായി കരുതിയില്ലെങ്കിൽ ,ചോള രാജാവ് ഒന്നാം രാജ രാജ ചോളൻ 993ൽ നടത്തിയ ശ്രീലങ്കൻ ആക്രമണം എതെങ്കിലും ഇന്ത്യൻ രാജാവ് നടത്തിയ ആദ്യ വിദേശ ആക്രമണമായി കരുതാം .
ലങ്കയിലെ അനുരാധ പുര രാജ്യത്തിൻ്റെ (Anuradhapura kingdom) രാജാവ് മഹിന്ദ അഞ്ചാമനെ (Mahinda V )ആക്രമിച്ച ചോള രാജ്യം ഇന്നത്തെ ശ്രീലങ്കയുടെ പകുതി ഭാഗത്തോളമാണ് തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്തത്. കീഴടക്കിയ പ്രദേശങ്ങൾ Mummudi-sola-mandalam എന്ന് അറിയപ്പെട്ടു.ജഗന്നാഥ മംഗലം എന്ന പുനർനാമകരണം ചെയ്യപ്പെട്ട തലസ്ഥാന നഗരമുൾപ്പെടെയുള്ള പ്രദേശങ്ങൾ (Polonnaruwa which was renamed "Jananathamangalam" ) തൻ്റെ രാജ്യത്തെ പ്രവിശ്യയായി കൂട്ടിച്ചേർക്കുകയും ചെയ്തു . അനുരാധ പുരയിലെ ആഭ്യന്തര കലാപം മുതലെടുത്താണ് ചോള രാജാവ് അനുരാധ പുര ആക്രമിച്ചത്. ചോളൻ മാരുടെ ബദ്ധശത്രുവായിരുന്ന പാണ്ഡ്യ രാജവംശവുമായി അനുരാധ പുരയ്ക്കുണ്ടായിരുന്ന നല്ല ബന്ധം യുദ്ധപരമ്പരകൾക്ക് തന്നെ കാരണമായി.രാജ രാജ ചോളൻ്റെ മരണശേഷം രാജാവായ മകൻ രാജേന്ദ്ര ചോളൻ ഒന്നാമൻ(Rajendra Chola I) ലങ്കയുടെ തെക്ക്‌ കിഴക്കേ ഭാഗത്തേക്ക് പിൻവാങ്ങി അവിടം ഭരിച്ചിരുന്ന രാജാവ് മഹിന്ദയെ വീണ്ടും ആക്രമിച്ച് ഇന്നത്തെ ശ്രീലങ്ക മുഴുവനായും കീഴടക്കി. രാജാവിനെ തടവുകാരനായി പിടിച്ചെടുത്ത ചോള രാജാവ് ,രാജ കിരീടവും, രാജ്ഞിയെയും, മകളെയും ,കൊള്ള മുതലിനോടൊപ്പം തൻ്റെ രാജ്യ
ത്തേക്ക് കൊണ്ട് വന്നു.

നാണയങ്ങൾ
ശ്രീ രാജ രാജ എന്നെഴുതിയ പത്ത് കഴിഞ്ച് സ്വർണ്ണത്തിന് തുല്യമായ നാണയങ്ങൾ അക്കാലയളവിൽ ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. രാജേന്ദ്ര ചോളൻ്റെ ഭരണകാലത്ത് "യുദ്ധ മല്ല" (great warrior )എന്ന് രേഖപ്പെടുത്തിയ നാണയങ്ങൾ നിലവിലിരുന്നു.
1077 ൽ വിജയ ബാഹു - Vijayabahu I -നടത്തിയ പ്രത്യാക്രമണത്തിൽ ചോള രാജ്യത്തിൻ്റെ എട്ടു പതിറ്റാണ്ടുകൾ നീണ്ട ലങ്കൻ ഭരണം അവസാനിച്ചു.

2 .രാജേന്ദ്ര ചോളൻ ഒന്നാമൻ്റെ ശ്രീ വിജയ രാജ്യ ആക്രമണം .
ഇന്നത്തെ ബ്രുണൈയ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ ,തായ് ലൻ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന രാജ്യമായിരുന്ന ശ്രീ വിജയ രാജ്യം( 650 - 1377 AD). സുമാത്രയിലെ പാലെ ബാങ് (Palembang in Sumatra) കേന്ദ്രമായി ഭരിച്ചിരുന്ന ശൈലേന്ദ്ര വംശ രാജാവ് Sangrama Vijayatunggavarman രാജ രാജചോള രാജാവുമായി നല്ല ബന്ധത്തിലായിരുന്നു. ഖെമർ രാജാവ് സൂര്യ വർമൻ ,താമ്പ്ര ലിംഗ രാജ്യത്തെ ആക്രമിക്കുവാൻ രാജേന്ദ്ര ചോളൻ്റെ സഹായം തേടി.ഇതറിഞ്ഞ താബ്ര ലിംഗ രാജാവ് ശ്രീ വിജയ രാജ്യത്തെ രാജാവിനോട് സഹായം തേടുന്നതോടെ ,ചോള രാജ്യം ശ്രീ വിജയ രാജ്യത്തെ ആക്രമിക്കുന്ന അവസ്ഥ സംജാതമായി.( ഇതിന് ഒരു മത പരിവേഷവുമുണ്ടായിരുന്നു. കാരണം ചോള - ഖെമർ രാജ്യങ്ങൾ ഹിന്ദു ശൈവിസ്റ്റ് കളും, താബ്രലിംഗ - ശ്രീ വിജയരാജ്യങ്ങൾ മഹായാന ബുദ്ധ വിഭാഗക്കാരുമായിരുന്നു)
1025ൽ ശ്രീ വിജയ രാജ്യവും, താബ്രലിംഗ രാജ്യവും ആക്രമിച്ച ചോള രാജാവ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാരം കൂടുതൽ സുഗമമാക്കി.

വാൽക്കഷണം:
ലങ്കൻ ഭാഷ്യമനുസരിച്ച് (http://www.asiantribune.com/node/87136
) 
കഴിഞ്ഞ 2300 വർഷങ്ങൾക്കുള്ളിൽ നടന്ന തമിഴ് / ഇന്ത്യൻ ആക്രമണങ്ങൾ 17 ആണ്. [ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന പോലെ ,ഇതിൽ കച്ചവട താൽപര്യത്തോടെ വന്ന് അധികാരം സ്ഥാപിച്ചവരും ഉൾപ്പെടുമത്രേ] . സിംഹള വീര്യം ഇളക്കിവിടാൻ പറയുന്നതാണോ ,സത്യമാണോ എന്നത് വ്യക്തമല്ല.

More details:
https://en.m.wikipedia.org/wiki/Chola_invasion_of_Srivijaya

https://en.m.wikipedia.org/wiki/South-East_Asia_campaign_of_Rajendra_Chola_I
https://en.m.wikipedia.org/wiki/Chola_rule_in_Sri_Lanka
Check authenticity with the external links of wikipedia link

ദൈവത്തിന്‍റെ സ്വന്തം നാട് കേരളം പോലെ മറ്റൊരു നാട് സലാല salalah

salalah
salalah

ഇസ്‌ലാമിക പ്രചാരണ വീഥിയില്‍ അനല്‍പ സേവനങ്ങള്‍ സമര്‍പ്പിച്ച ധാരാളം മഹാരഥന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളുടെ സംഗമ ഭൂമിക കൂടിയാണ് സലാല ഉള്‍പ്പെടുന്ന ഒമാന്‍. മൂന്നു ലക്ഷത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. അറേബ്യന്‍ മണലാരണ്യത്തോടു വളരെ അടുത്ത പ്രദേശം ആണെങ്കിലും സമ ശീതോഷ്ണ കാലാവസ്ഥയാണ് കൂടുതല്‍ സമയവും അനുഭവപ്പെടാറുള്ളത്. ഖരീഫ് സീസണ്‍ എന്നാണ് ഈ സമയത്തെ അറിയപ്പെടുന്നത്. കൊടും ഉഷ്ണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും മണ്‍സൂണ്‍ കാലാവസ്ഥ ആസ്വദിക്കുന്നതിനും ധാരാളം ആളുകള്‍ ഈ സമയത്ത് ഇവിടെ എത്തിച്ചേരാറുണ്ട്. ഒമാനിലെ ആദ്യ സ്വഹാബിയായ മാസിന്‍ ബിന്‍ ഗദൂബ (റ)ന്റെ സവിധമായിരുന്നു ആദ്യ സന്ദര്‍ശന സ്ഥലം. ഹരിതാഭ ചാര്‍ത്തി നില്‍ക്കുന്ന കൃഷിയിടങ്ങളാണ് പരിസരം മുഴുവന്‍.
ഹൃദയഹാരിയാണ് സലാലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും. കരിങ്കല്‍ പാതകള്‍ക്ക് ഇരുവശവും വള്ളിപ്പടര്‍പ്പുകള്‍, ഇടതിങ്ങി വളരുന്ന വൃക്ഷങ്ങള്‍, ചെങ്കുത്തായ കയറ്റം, പുല്‍മേടുകള്‍, വഴി നീളെ വന്മരങ്ങളുടെ വേരുകള്‍, ഉരുളന്‍ കല്ലുകള്‍, സസ്യലതാദികള്‍ കൊണ്ട് മനോഹരമായ കൃഷിയിടങ്ങള്‍, കറുത്തിരുണ്ട പാറകള്‍, ഹരിതാഭമായ താഴ്‌വരകള്‍, താഴ്‌വരയിലൂടെ നോക്കുമ്പോള്‍ ചില ചെറിയ മല നിരകള്‍, അതിലെല്ലാമുപരി അറബിക്കടലിന്റെ തീരങ്ങളില്‍ നിന്നടിച്ചു വീശുന്ന മന്ദ മാരുതനും. കേരളത്തിന്റെ കൊച്ചു പതിപ്പെന്ന് നമുക്ക് പറയാനാവുന്ന പ്രകൃതി രമണീയത നിറഞ്ഞ പ്രദേശം. *** ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ സലാലയില്‍ വസിക്കുന്നുണ്ട്. പ്രധാനമായും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, എന്നീ രാജ്യക്കാരാണുള്ളത്. ഇന്ത്യക്കാരില്‍ മലയാളികള്‍ തന്നെ കൂടുതല്‍. കേരളീയ കാലാവസ്ഥയോടു വളരെ സാമ്യമുള്ളതിനാല്‍ കേരളത്തില്‍ വളരുന്ന ഒട്ടുമിക്ക ഫലവൃക്ഷങ്ങളും അവിടെയുണ്ട്. തല ഉയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളാണ് എവിടെയും. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും നന്നായി കൃഷി ചെയ്യപ്പെടുന്നുണ്ട്. വാഴയും കുരുമുളകും ശതാവരിയും നന്നാറിയും ഒട്ടുവളരെ സ്ഥലങ്ങളില്‍ കൃഷി ചെയ്തത് കാണാനായി. കുരുമുളകും വെറ്റിലക്കൊടിയും കേരളീയ രീതിപോലെ കയര്‍ കൊണ്ടും ഓലയുടെ ഏട്ടു കുറ്റി കൊണ്ടും ഭംഗിയായി കോര്‍ത്ത് വെച്ചത് നയന മനോഹരം തന്നെയാണ്.
കൂറ്റന്‍ കുന്നുകളും പ്രവിശാല മരുഭൂമിയുമൊക്കെ ചേര്‍ന്ന് ഊഷര ഭൂമിയായി നില നില്‍ക്കുന്ന ഒമാനിന്റെ ഈ മണ്ണില്‍ പച്ചപ്പും തെങ്ങുകളും വയലുകളും കൊച്ചരുവികളുമായി ഈ പ്രദേശമെങ്ങിനെ വന്നുപെട്ടു? കേരളക്കാരനായ ചേരമാന്‍ പെരുമാള്‍ അബൂബക്കര്‍ താജുദ്ധീന്‍ (റ) ന്റെ മഖ്ബറ നില നില്‍ക്കുന്നിടം കേരളം പോലെ തന്നെയാവട്ടെ എന്ന് സര്‍വ ശക്തന്‍ തീരുമാനിച്ചുവോ ആവോ!.
ഭാരതത്തില്‍ നിന്നും ഭാഷാപരമായും സംസ്കരപരമായും ഏറെ വ്യത്യാസം ഉള്ള നാടാ‍ണ് ഒമാന്‍.സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന്‍ വന്ന രാജ്യം എന്ന് പറയപ്പെടുന്നു.ഇവിടുത്തെ മലനിരകളെ നിരിക്ഷിച്ചാല്‍ തിരകളുടെ പാടുകള്‍ കാണാന്‍ കഴിയും.ഈ മലനിരകളില്‍ ധാരാളം ധാതുഘടകങ്ങള്‍ ഉള്ളത്തിനാല്‍ രാജ്യത്തിന്റെ പ്രത്യേകസ൦രക്ഷണയിലാണ്.
സലാലക്കും(Salalah)മിര്‍ബറ്റ്(Mirbat)ഇടയ്ക്കുള്ള ഭാഗത്ത് ഖോര്‍ റോരി(Khor Rori)സ്ഥലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിനോടു ചേര്‍ന്ന്‍സുംഹുരം ആര്‍ക്കോളോജിക്കള്‍ ഗ്യാലറി(SUMHURAM ARCHAEOLOGICAL GALLARY)നില്‍ക്കുന്നത്.19 നൂറ്റാണ്ടില്‍“ജെയിംസ്‌ തിയടോരെബെന്റ് “എന്നാ ഗവേഷകന്‍ ഇവിടം കണ്ടെത്തിയത് .ചരിത്രപ്രധാനമായി പ്രത്യേകത, ഗവേഷകര്‍ മണ്ണ്‍നിക്ക൦ ചെയ്ത് വലിയൊരു കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയട്ടുള്ളത്‌.പ്രധാന കാവടത്തുനിന്നു൦ കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തറയില്‍ ഇട്ടിരിക്കുന്നുകല്ലുകള്‍ പ്രത്യേകഒൌഷധംഗുണം ഉള്ളത് എന്ന് പറയപെടുന്നു. ധാരാളംആളുകളെ അടക്കം ചെയ്ത തെളിവുകള്‍ ഇവിടെനിന്ന്‍ ലഭിച്ചിട്ടുണ്ട് .കോട്ടയിലുടെ നടക്കുമ്പോള്‍ കേരളത്തിലെ നനങ്ങാടി, മുനിയറകളും മറ്റും ഓര്‍മപെടുത്തുന്ന കാഴ്ചയാണ്. കേരളത്തിനോട്ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശ൦. ബി സി 2100-2200 നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറു പട്ടണവും അവിടെ ഉള്ള കൊട്ടയോടു ചേര്‍ന്ന്‍ ശിവക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ കാണാന്‍ കഴിയും മാത്രമല്ല ഈ ഗ്യാലറിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ശിലകള്‍,പൂജാപാത്രങ്ങള്‍ സൂഷിച്ചുവച്ചിരിക്കുന്ന.കോട്ടയുടെ നിര്‍മാണത്തിനു കല്ലുകള്‍ തമ്മില്‍ യോജിപ്പികാന്‍ പ്രത്യേക തുണികളും കാണപ്പെട്ടു.
നാട്ടുകാരായിട്ടുള്ള നിഷ്കളങ്കരായ അറബികള്‍ നാല് വിഭാഗങ്ങളില്‍ പെട്ടവരാണ്.
ജബലികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്‌ അതില്‍ ഒന്ന്. നമ്മുടെ നാട്ടിലെ ആദിവാസി കളോട് ഒരുപാട് കാര്യങ്ങളില്‍, സാദൃശ്യം പുലര്‍ത്തുന്നവരാണ് ഈ ജബലികള്‍. ആ മണ്ണിന്‍റെ സ്വന്തം മക്കള്‍ എന്ന് പറയാവുന്നവര്‍.
കറുത്ത വര്‍ഗ്ഗക്കാരായിറ്റുള്ള അറബികളാണ് അതില്‍ രണ്ടാമത്തെ വിഭാഗം. ഇപ്പോഴത്തെ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പിതാവ്, ഒമാനില്‍ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയില്‍ നിന്നും കുറെ കറുത്തവര്‍ഗ്ഗ കാരായിട്ടുള്ള അടിമകളെ വിലക്ക് വാങ്ങി ഒമാനില്‍ കൊണ്ട് വരികയും പിന്നീട് അവരെ സ്വതന്ത്ര മാക്കുകയും ചെയ്തുവത്രേ. പിന്നീട് ഇവരുടെ കുടുംബക്കാരും ബന്ധുക്കളും ഒമാനിലേക്ക് ചേക്കേറുകയും, അവര്‍ ഒമാനിലെ പൌരത്വം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
മൂന്നാമത്തെ വിഭാഗമായിട്ടുള്ള വെളുത്ത
അറബികള്‍ മറ്റു പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്ത വരാണത്രെ. എന്നാല്‍ ഇക്കൂട്ടരാണ് അവിടെ യഥാര്‍ത്ഥ അവകാശികളായി അറിയപ്പെടുന്നതും അധികാരത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്നതും.
എണ്ണത്തില്‍ കുറവാണെങ്കിലും ബലൂചികളും സലാലയില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ശരീര ഘടന കൊണ്ട്, പട്ടാളത്തില്‍ ഒരു മേധാവിത്വം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നു. പട്ടാളതില്‍നിന്നും വിരമിക്കുന്ന ബലൂച്ചികള്‍ക്ക് ഒമാനിലെ പൌരത്വം നല്‍കി ആദരിച്ചിരുന്നു. അങ്ങിനെയാണ് ബാലൂചികളില്‍ ഒരു വിഭാഗം ഒമാനിലെ പൌരന്മാരായി മാറിയത്.
കടല്‍ മാര്‍ഗ്ഗം നോക്കിയാല്‍ കേരളത്തിനോട് വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് സലാല. ഇന്ത്യയില്‍നിന്നും ആദ്യമായി ഇസ്ലാമതം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്‍റെ ഖബറിടം സലാലയിലെ ഒരു തെങ്ങിന്‍ തോപ്പിലാണ് സ്ഥിതി ചെയ്യുന്നത്.
Frankincense അഥവ കുന്തിരിക്കത്തിന്‍റെ മണ്ണ് എന്ന അപരനാമത്തിലും
സലാല അറിയപ്പെടാരുണ്ട്.
ഇനിയുമുണ്ട് എനിക്ക് സലാലയെ കുറിച്ച് പറയാന്‍ എന്തൊക്കെയോ. പക്ഷെ അത് പിന്നീടാകാം, അല്ലെങ്കില്‍ നിങ്ങളും പറഞ്ഞുപോകും "ഈ പഹയന്റൊരു സലാല" എന്ന്.അമ്പലപ്പുഴ പാല്‍പായസമായാലും ഇടങ്ങാഴിയില്‍ കൂടുതല്‍ കുടിക്കാനാകില്ലാ' എന്നാണല്ലോ ചൊല്ല്.അപ്പോള്‍ പറഞ്ഞത് പോലെ, അത് പിന്നീട് കാണാം.

സുഭാഷ്‌ പലേക്കർ സ്‌Iറോ ബജറ്റ്‌ ഫാമിംഗിന്റെ പ്രചാരകൻ, subhash palekhar,


സുഭാഷ്‌ പലേക്കർ
രാജ്യം ആദ്യമായി ഒരു കർഷകനു പദ്‌ മശ്രീ പുരസ്കാരം നൽകി ആദരിച്ചിരിക്കുന്നു...സുഭാഷ്‌ പലേക്കർ സ്‌Iറോ ബജറ്റ്‌ ഫാമിംഗിന്റെ പ്രചാരകൻ...അഭിനന്ദനങ്ങൾ..!!
==============/==============
മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ ബെലോറ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തിലാണ് 1949-ല്‍ സുഭാഷ് പലേക്കര്‍ ജനിച്ചത്. അച്ഛനും മുത്തച്ഛനുമൊക്കെ കൃഷിക്കാര്‍. പട്ടണത്തിലെ കോളേജില്‍ പോയി കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത് ഗ്രാമത്തില്‍ തിരിച്ചെത്തിയ സുഭാഷ് അച്ഛനോടൊപ്പം കൃഷിയില്‍ കൂടി. പരമ്പരാഗതകൃഷിയില്‍നിന്ന് മാറി, കോളേജില്‍ താന്‍ പഠിച്ച കൃഷിപാഠങ്ങള്‍ പാടത്ത് വിളയിക്കാന്‍ സുഭാഷ് ഒരുങ്ങിയപ്പോള്‍ അച്ഛന്‍ എതിര്‍ത്തു.
1972-ലായിരുന്നു അത്. പരമ്പരാഗതകൃഷിയില്‍നിന്ന് മാറാന്‍ അച്ഛന്‍ തയ്യാറായിരുന്നില്ല. രാസവളം കൃഷിയെ നശിപ്പിക്കുമെന്നായിരുന്നു അച്ഛന്റെ നിലപാട്. അന്ന് വന്‍കിട കര്‍ഷകര്‍ മാത്രമേ രാസവളം പ്രയോഗിച്ചു തുടങ്ങിയിട്ടുള്ളു. താന്‍ പഠിച്ച സിദ്ധാന്തങ്ങള്‍ ബോധ്യപ്പെടുത്താന്‍ സുഭാഷ് അച്ഛനുമായി അങ്കംവെട്ടി. ഹരിതവിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. ഒടുവില്‍ അച്ഛന്റെ സമ്മതത്തോടെ സുഭാഷ് പാടത്ത് ഹരിതവിപ്ലവത്തിന് വിത്തിട്ടു.
ഹൈബ്രിഡ് വിത്തുകളും രാസവളവും കീടനാശിനികളും പ്രയോഗിച്ചപ്പോള്‍ നല്ല വിള കിട്ടി. കോളേജിലെ സഹപാഠികളായിരുന്നവരൊക്കെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും സര്‍വകലാശാലാ അധ്യാപകരുമൊക്കെയായിരുന്നു. അവര്‍ സുഭാഷിന്റെ ഫാം സന്ദര്‍ശിച്ചു. പൊന്നുവിളയുന്ന പാടങ്ങള്‍കണ്ട് അവര്‍ അന്തംവിട്ടു. 1973 മുതല്‍ 1985 വരെ കൃഷിയില്‍നിന്ന് നല്ല വിളവ് ലഭിച്ചു. ഹരിതവിപ്ലവം നാട്ടിലെങ്ങും വസന്തം വിളയിച്ച കാലമായിരുന്നു അത്.
1985-നുശേഷം പാടം പണ്ടേ പോലെ ഫലം തരുന്നില്ലെന്ന് സുഭാഷിന് തോന്നി. പിന്നീട് ഓരോ വര്‍ഷവും വിളവ് കുറഞ്ഞുവന്നു. ചെലവു കൂടി. മറ്റ് കര്‍ഷകരുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഉത്പാദനം നന്നേ കുറഞ്ഞപ്പോള്‍ താന്‍ പഠിച്ച കൃഷിപാഠങ്ങളില്‍ പലേക്കറിന് ആദ്യമായി സംശയം തോന്നി. രാസകൃഷി (Chemical Farming) യുടെ സിദ്ധാന്തത്തില്‍ പിഴവുകളുണ്ടോ? ആ സിദ്ധാന്തവും ടെക്‌നോളജിയും ശരിയാണെങ്കില്‍കൃഷിയിടത്തില്‍ വിളവ് കുറയാന്‍ പാടുണ്ടോ? എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് സുഭാഷ് വിശ്വസിച്ചു.
അദ്ദേഹം പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. ഉലമാലിയെ പോയി കണ്ടു. സുഭാഷ് പഠിച്ച കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. പഠനകാലത്ത് ആദിവാസികള്‍ക്കിടയില്‍ സുഭാഷ് നടത്തിയ ഗവേഷണത്തിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. സുഭാഷ്, ഡോ. ഉലമാലിയുടെ മുന്നില്‍ തന്റെ സംശയങ്ങള്‍ ഉന്നയിച്ചു. രാസകൃഷിയുടെ ടെക്‌നോളജി ശരിയാണെങ്കില്‍ വിളവ് കുറയാന്‍ പാടില്ലല്ലോ.
ഡോ. ഉലമാലി പറഞ്ഞു: എനിക്ക് ഒരു മറുപടിയേഉള്ളൂ. (Increase the inputs). ആ ഉത്തരം സുഭാഷിന് ബോധ്യമായില്ല. ഹൈബ്രിഡ് വിത്തും രാസവളവും കീടനാശിനിയുമൊക്കെ ഇനിയും കൂടുതല്‍ പ്രയോഗിക്കണം. അതൊരു പരിഹാരമായി സുഭാഷിന് തോന്നിയില്ല. പരിചയസമ്പന്നനും അക്കാദമിക് വിദഗ്ധനുമായ ഒരു വൈസ് ചാന്‍സലറുടെ ഉത്തരം ഇതാണെങ്കില്‍ ഈ പോരായ്മക്ക് പരിഹാരം അവരുടെയൊന്നും പക്കല്‍ കാണില്ല. ഒരു ബദല്‍ ടെക്‌നോളജിയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
സുഭാഷ് പറയുന്നു: ഞാന്‍ കാടിനെക്കുറിച്ച് ചിന്തിച്ചു. ആദിവാസികളുടെ ജീവിതരീതിയില്‍ കാടിന്റെ പരിസ്ഥിതി സംവിധാനത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ (Impact of echo system of forest on the life style of tribal people) ഞാന്‍ നേരത്തെ ഗവേഷണം നടത്തിയതാണ്. മനുഷ്യന്റെ സഹായമില്ലാതെ കാട്ടില്‍ മരങ്ങള്‍ വളരുന്നു. മാവും പുളിയും പോലുള്ള മരങ്ങള്‍ നല്ല ഫലം തരുന്നു. ക്ഷാമകാലത്തുപോലും വിളവില്‍ കുറവുണ്ടാകുന്നില്ല. ആദിവാസികള്‍ ആരേയും ആശ്രയിക്കാതെ ജീവിക്കുന്നു. അവര്‍ക്കു വേണ്ടതെല്ലാം കാട്ടില്‍നിന്ന് കിട്ടുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെയും സഹായമില്ലാതെ അവര്‍ സന്തുഷ്ടജീവിതം നയിക്കുന്നു. നൂറു ശതമാനം പ്രകൃതിജീവിതം. കാട്ടിലെ മരങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്തണം.
പിന്നീടുള്ള കുറെ വര്‍ഷങ്ങള്‍ സുഭാഷ് കാട്ടിലായിരുന്നു. നിരന്തരം അദ്ദേഹം കാടുകള്‍ കയറി. മരങ്ങള്‍ക്ക് ചുവട്ടിലെ മണ്ണെടുത്തു. മരമില്ലാത്ത സ്ഥലത്തെ മണ്ണെടുത്തു. ഓരോ മരത്തിനു ചുവട്ടിലുമുണ്ടായിരുന്ന മൃഗങ്ങളുടെ കാട്ടത്തിന്റെ സാമ്പിളുകള്‍ എടുത്തു. ലബോറട്ടറികളില്‍ കൊണ്ടുപോയി പരിശോധിച്ചു. സുഹൃത്തുക്കളായ ശാസ്ത്രജ്ഞര്‍ പിന്തുണ നല്‍കി.
മണ്ണും മരവുമായി ബന്ധപ്പെട്ട് കിട്ടാവുന്ന ശാസ്ത്രഗ്രന്ഥങ്ങള്‍ മുഴുവന്‍ വായിച്ചു. ഈ പുസ്തകങ്ങളിലൊന്നും സുഭാഷിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. പുസ്തകങ്ങളില്‍ പറയുന്നതൊക്കെ പ്രകൃതിവിരുദ്ധമായ കാര്യങ്ങളാണെന്ന് സുഭാഷിന് തോന്നി.
'പുസ്തകങ്ങളിലെ വിവരങ്ങള്‍ സത്യസന്ധമായിരുന്നില്ല. എല്ലാം കപടസിദ്ധാന്തങ്ങള്‍. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തണമെന്ന് തോന്നി. മനുഷ്യന്റെ സഹായമോ സാന്നിധ്യമോ ഇല്ലാതെ കാട്ടിലെ മരങ്ങളില്‍ നിന്ന് ഇത്രയേറെ കായ്കനികള്‍ കിട്ടുന്നുണ്ടെങ്കില്‍ പ്രകൃതിയില്‍ അതിന് അനുഗുണമായ ഏതോ സംവിധാനം (Natural System) ഉണ്ട്. മരങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും അതിലടങ്ങിയിട്ടുണ്ടാകും. എന്താണ് ഈ പ്രകൃതി സംവിധാനം എന്നു കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പിന്നീട്.'
സുഭാഷ് പലേക്കര്‍ അന്വേഷിച്ചു. നീണ്ട വര്‍ഷങ്ങളുടെ ഗവേഷണത്തില്‍ അദ്ദേഹം പ്രകൃതിയിലെ സത്യങ്ങള്‍ കണ്ടെത്തി.
കാട്ടില്‍ ചെടികള്‍ സ്വയം മുളയ്ക്കുന്നതും വളരുന്നതും എങ്ങനെയെന്ന് കണ്ടെത്തിയതോടെ ആ സിദ്ധാന്തം അദ്ദേഹം സ്വന്തംകൃഷിസ്ഥലത്ത് പ്രയോഗിക്കാന്‍ തുടങ്ങി. ആറ് വര്‍ഷം കൊണ്ട് 154 പ്രൊജക്ടുകളാണ് സുഭാഷ് പൂര്‍ത്തിയാക്കിയത്.
'കാട്ടില്‍നിന്ന് കിട്ടിയത് എന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും മാത്രമാണ്. അത് പ്രായോഗികമാണോ എന്നറിയാന്‍ ഞാനെന്റെ ഫാമില്‍ പരീക്ഷിച്ചു. 154 പ്രൊജക്ടുകളാണ് ചെയ്തത്. ഒരാളും സഹായിച്ചില്ല. കുറച്ചു ഭൂമി വിറ്റും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമാണ് ഗവേഷണത്തിനുള്ള പണം സംഘടിപ്പിച്ചത്. വീട്ടുകാരും നാട്ടുകാരും പ്രോത്സാഹിപ്പിച്ചില്ല. എനിക്ക് ഭ്രാന്താണെന്നുവരെ പറഞ്ഞവരുണ്ട്. ഭാര്യ പക്ഷേ, ശക്തമായ പിന്തുണയുമായി കൂടെനിന്നു. നല്ല കാര്യമല്ലേ ചെയ്യുന്നത്, ഞാന്‍ കൂടെയുണ്ടാകുമെന്ന് ഭാര്യ പറഞ്ഞു.
1986 മുതല്‍ 96 വരെ ഈ കൃഷിരീതിയുടെ പരീക്ഷണവും ഗവേഷണവും മാത്രമായിരുന്നു എന്റെ ദൗത്യം. മറ്റൊരു പരിപാടിയുമില്ല. പരീക്ഷണം നടക്കുമ്പോള്‍ ഉത്പാദനവും വിളവും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. 1996-ല്‍ എന്റെ പരീക്ഷണങ്ങളുടെ ഫലം കണ്ടു. ഞാന്‍ അന്വേഷിച്ച ടെക്‌നിക്ക് പിടികിട്ടി. സീറോ ബജറ്റ് സ്പിരിച്വല്‍ ഫാമിങ് എന്ന് ആ കൃഷിരീതിക്ക് പേരിട്ടു.
ഗവേഷണകാലത്ത് പുണെയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ബലിരാജ എന്ന മാഗസിനില്‍ സുഭാഷ് പലേക്കര്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. അതിന്റെ പത്രാധിപരാകാന്‍ മാഗസിന്‍ പ്രവര്‍ത്തകര്‍ ക്ഷണിച്ചെങ്കിലും നിരസിച്ചു. തന്റെ ദൗത്യം വേറെയാണെന്നായിരുന്നു പലേക്കറുടെ മറുപടി. പക്ഷേ, പിന്നീട് സുഭാഷിന്റെ അടുത്ത ചില സുഹൃത്തുക്കള്‍ ഇടപെട്ടപ്പോള്‍ അവരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി സുഭാഷ് പത്രാധിപത്യംഏറ്റെടുത്തു. മൂന്നു വര്‍ഷം പത്രാധിപരുടെ ജോലി ചെയ്തപ്പോള്‍തന്നെ അദ്ദേഹത്തിന് മടുത്തു.
'24 മണിക്കൂറും ബിസി. വേറെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്റെ എല്ലാ പ്രവര്‍ത്തനവും നിലച്ചു. എന്റെ ഇമേജ് മുതലെടുക്കാനാണ് മാഗസിന്‍ ഉടമകള്‍ ശ്രമിച്ചത്. വന്‍കിട വ്യവസായികളും കമ്പനികളുമൊക്കെ മാഗസിന്റെ പരസ്യദാതാക്കളാണ്. എന്റെ പ്രസ്ഥാനത്തെ ഞാന്‍ തന്നെ നശിപ്പിക്കുന്നപോലെ തോന്നിയപ്പോള്‍ പത്രാധിപ സ്ഥാനം രാജിവെച്ചു. എന്റെ ദൗത്യംഇതല്ലെന്ന് എനിക്ക് നേരത്തെ ബോധ്യമായിരുന്നു.'
1998-ല്‍ സീറോ ബജറ്റ് കൃഷിരീതിയുടെ പ്രചാരണത്തിനായി സുഭാഷ് പലേക്കര്‍ ഊരുചുറ്റാന്‍ തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ ശില്പശാലകള്‍ നടത്തി. മഹാരാഷ്ട്രയില്‍ തന്നെയായിരുന്നു തുടക്കം. പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ ശില്പശാലകള്‍ നടത്തി. ഇപ്പോള്‍ ഇന്ത്യയില്‍ 40 ലക്ഷം കര്‍ഷകര്‍ സീറോ ബജറ്റ് കൃഷിരീതി അവലംബിച്ച് വിളവെടുക്കുന്നുണ്ടെന്ന് പലേക്കര്‍ പറയുന്നു.
ഫിലിപ്പീന്‍സ്, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, കംപോഡിയ, തായ്‌ലന്‍ഡ്, മെക്‌സിക്കോ, ചിലി, പെറു, ഉഗാണ്ട, ടാന്‍സാനിയ, മൊസാംബിക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൃഷിയുടെ പലേക്കര്‍ മാതൃക പ്രചാരത്തിലുണ്ട്.
അന്താരാഷ്ട്ര കര്‍ഷക പ്രസ്ഥാനമായ ലാവിയ കാമ്പസിനയുടെ (Lavia campesina) പ്രതിനിധികള്‍ പലേക്കറെ കൊളംബോയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചു. ലാവിയ കാമ്പസിനയുടെ ആസ്ഥാനം ഇറ്റലിയാണ്. സംഘടനയുടെ നിരവധി നേതാക്കള്‍ പങ്കെടുത്ത സെമിനാറില്‍ പലേക്കറുടെ മൂന്ന് പ്രഭാഷണം ഉണ്ടായിരുന്നു. അഞ്ചുദിവസം തുടര്‍ച്ചയായി ചര്‍ച്ച നടന്നു. എന്റെ പുസ്തകം വായിച്ചും പ്രസംഗം കേട്ടും ഈ കൃഷിരീതിയെയും എന്നെയും നിങ്ങള്‍ പ്രശംസിക്കേണ്ടതില്ല. ഇന്ത്യയിലേക്ക് വരൂ, കൃഷിയിടങ്ങള്‍ കണ്ട് ബോധ്യപ്പെടൂ എന്ന് പലേക്കര്‍ സെമിനാറില്‍ പങ്കെടുത്തവരോട് പറഞ്ഞു. ശ്രീലങ്കയിലുടനീളം നിരവധി ശില്പശാലകള്‍സംഘടിപ്പിച്ചു. പിന്നീട് കാമ്പസിനയുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തി പലേക്കര്‍ മാതൃകയിലുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. അവരുടെ നാടുകളില്‍ ഈ മാതൃക പരീക്ഷിച്ചു. മികച്ച ഫലം കണ്ടു.
ഹരിതവിപ്ലവം എങ്ങനെ ഉണ്ടായി?
മഞ്ഞില്‍ മൂടിക്കിടക്കുന്ന യൂറോപ്പില്‍ ആറുമാസക്കാലം കൃഷി ചെയ്യാന്‍ പറ്റില്ല. കൃഷി ചെയ്യാന്‍ യൂറോപ്പില്‍ ഒരുപാട്പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ കൃഷിയെ ആസ്പദമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയുമല്ല അവരുടേത്. യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും അധീനപ്പെടുത്തി ഭരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ഉപഭൂഖണ്ഡം കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ബ്രിട്ടീഷ് ഭരണകൂടം നിയോഗിക്കുന്നത് അങ്ങനെയാണ്. പിടിച്ചടക്കാന്‍ അന്യനാടുകള്‍ ഇല്ലാതായപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം കൈയേറാന്‍ ശ്രമിച്ചു. ഈ കിടമത്സരത്തില്‍ ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെയും റഷ്യക്കാര്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും ജപ്പാന്‍കാര്‍ അമേരിക്കയെയും ആക്രമിച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ശേഷം യൂറോപ്യന്‍മാര്‍ തമ്മിലും യൂറോപ്പും അമേരിക്കയും തമ്മിലും യുദ്ധമുണ്ടാകാന്‍ പാടില്ലെന്ന് സന്ധിയുണ്ടാക്കി. നേരിട്ട് യുദ്ധം ചെയ്യാതെതന്നെ മറ്റു രാജ്യങ്ങളെ നശിപ്പിക്കുന്നതിനും ആ രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായിരുന്നു ഹരിതവിപ്ലവം. ഹരിതവിപ്ലവം കൊടുംചതിയായിരുന്നു. അതൊരു വിപ്ലവമേ അല്ലായിരുന്നു. പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുക മാത്രമാണ് ഹരിതവിപ്ലവം ചെയ്തത്.
ഗ്രാമങ്ങളുടെ സമ്പത്ത് നഗരത്തിലേക്കും നഗരത്തില്‍ നിന്ന് തങ്ങളുടെ നാട്ടിലേക്കും കൊണ്ടുപോകുക എന്നതു മാത്രമായിരുന്നു ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ പുതിയൊരു സാമ്പത്തിക സാമ്രാജ്യത്വത്തിലൂടെ ആ രാജ്യങ്ങളെ ചൂഷണം ചെയ്യാമെന്നായിരുന്നു അധീശരാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഹരിതവിപ്ലവം അതിന്റെ തുടക്കമായിരുന്നു. പിന്നീട് അതിനെ ആഗോളവത്കരണം, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നൊക്കെ വിളിക്കുന്നു. ഇന്ത്യക്ക് സ്വാശ്രയത്വം നല്‍കലോ ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തരാക്കലോ ആയിരുന്നില്ല ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും സമ്പദ് വ്യവസ്ഥയും ചൂഷണം ചെയ്യുക- അത് മാത്രമായിരുന്നു ഒരേയൊരു ഉദ്ദേശ്യം.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എന്നു പറയുന്നത് 90 ശതമാനവും ഗ്രാമങ്ങളെ ആശ്രയിച്ചുള്ളതായിരുന്നു. ഗ്രാമത്തിലെ കര്‍ഷകരെ ആശ്രയിച്ചാണ് നഗരങ്ങളും നഗരത്തിലെ ജനങ്ങളും ജീവിച്ചിരുന്നത്. ഗ്രാമങ്ങളില്‍ വ്യവസായങ്ങളില്ല. സേവനമേഖലകളില്ല. ഇന്ത്യന്‍ കര്‍ഷകര്‍ ഒന്നും വാങ്ങിയിരുന്നില്ല. വിത്തു വാങ്ങുന്നില്ല. വളം വാങ്ങുന്നില്ല. കീടനാശിനി വാങ്ങുന്നില്ല. പമ്പുസെറ്റ് വാങ്ങുന്നില്ല. കീടങ്ങളില്ല. രോഗങ്ങളില്ല. അവര്‍ക്ക് സ്വന്തമായി കാളയും പശുവുമുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൃഷി ചെയ്യുന്നു. ഒന്നിനും നഗരങ്ങളെ ആശ്രയിക്കുന്നില്ല.
കര്‍ഷകന്‍ ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യന്‍ പണം എങ്ങനെ അമേരിക്കയുടെയും യൂറോപ്പിന്റെയും കീശയിലെത്തും? ഇന്ത്യന്‍ ജനതയുടെ രീതികള്‍ മൊത്തം മാറ്റണമെന്ന് അവര്‍ ചിന്തിച്ചു.
ഇന്ത്യയില്‍ ആയിരക്കണക്കിന് നാടന്‍ നെല്‍വിത്തുകളുണ്ടായിരുന്നു. ഈ പാരമ്പര്യ വിത്തുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് കുറഞ്ഞ വിളലഭിക്കുന്നതെന്ന് ആദ്യമേ ഹരിതവിപ്ലവക്കാരന്‍ പ്രചരിപ്പിച്ചു. നാടന്‍വിത്ത് ഉപയോഗിച്ചുള്ള നെല്‍കൃഷിയില്‍നിന്ന് ഏക്കറിന് 1500 മുതല്‍ 1800 കിലോ വിളവ് ലഭിച്ചിരുന്നു. നാടന്‍ ഗോതമ്പ് ഏക്കറിന് 600 മുതല്‍ 1000 കിലോ വരെ വിളവ് നല്‍കിയിരുന്നു. (ദ കേംബ്രിജ് എക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ 12, 13 നൂറ്റാണ്ടുകളില്‍ ചോളരാജാക്കന്മരുടെകാലത്തുണ്ടായിരുന്ന നെല്ലുത്പാദനത്തെപ്പറ്റി പറയുന്നുണ്ട്. ഈ കാലഘട്ടത്തില്‍ രാമനാഥപുരം ജില്ലയില്‍ ഹെക്ടറില്‍ 6600 കിലോ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. 1907-ല്‍ മദ്രാസ് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ജോണ്‍ ഹഡ്‌സണ്‍ കോയമ്പത്തൂര്‍ ജില്ലയില്‍ ഹെക്ടറില്‍ 8000 കിലോ നെല്ല് ഉത്പാദിപ്പിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. 60 വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്ട്രയില്‍ മാത്രം 1500-ലേറെ ഇനം നാടന്‍ നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടായിരുന്നു.) ഇന്ത്യന്‍ കര്‍ഷകര്‍ വിശ്വാസികള്‍ കൂടിയാണല്ലോ. ദിവ്യന്മാരെ അവര്‍ കണ്ണടച്ചു വിശ്വസിക്കും. ഏക്കറിന് 30 ക്വിന്റല്‍വരെ വിളവ് ലഭിക്കുന്ന അത്യുത്പാദന ശേഷിയുള്ള വിത്തുകളെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചു. അവര്‍ക്ക് അതുമൊരു ദിവ്യാദ്ഭുതമായി. ഹരിതവിപ്ലവക്കാരന്‍ ദിവ്യനായി. കാര്‍ഷിക സര്‍വകലാശാലകള്‍സ്ഥാപിച്ച് പുതിയ ഇനം വിത്തിനും കൃഷിരീതിക്കും പ്രചാരം നല്‍കി.
അതോടെ കര്‍ഷകന് ആഗ്രഹങ്ങള്‍ കൂടി. അവന്‍എല്ലാം വില കൊടുത്തു വാങ്ങാന്‍ തുടങ്ങി. അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ ആദ്യം വാങ്ങി. ഉത്പാദനം മെച്ചപ്പെടുത്താന്‍ രാസവളം വാങ്ങി. രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെയും വിളയുടേയും പ്രതിരോധശേഷി കുറഞ്ഞു. കീടങ്ങള്‍ അതിക്രമിച്ചു കയറി. രോഗങ്ങള്‍ വന്നു. ഇവയെ നിയന്ത്രിക്കാന്‍ എന്‍ഡോസള്‍ഫാന്‍പോലുള്ള കീടനാശിനികളും കര്‍ഷകന്‍ വില കൊടുത്തു വാങ്ങേണ്ടിവന്നു. അമിതമായ രാസവള പ്രയോഗം മണ്ണിന്റെ കനം വര്‍ധിപ്പിച്ചു. കലപ്പ പറ്റാതായി. നിലം ഉഴുതാന്‍ ട്രാക്ടര്‍ വന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ നാട്ടില്‍ ഇല്ലാത്ത മാരകരോഗങ്ങള്‍ വരാന്‍ തുടങ്ങി. അതോടെ അലോപ്പതിയുടെവരവായി. സമ്പത്ത് ചൂഷണം ചെയ്യാനുള്ള ഈ മാര്‍ഗം കണ്ടെത്താന്‍ ഹരിതവിപ്ലവത്തിന്റെ അണിയറയില്‍ വന്‍ഗൂഢാലോചനയാണ് നടന്നത്.
അത്യുത്പാദന ശേഷിയുള്ള വിത്തും വളവും കീടനാശിനിയും അലോപ്പതി മരുന്നുകളും വാങ്ങാന്‍ ഗ്രാമങ്ങളില്‍ നിന്ന് പണം നഗരങ്ങളിലേക്ക് ഒഴുകി. പണം നഗരങ്ങളില്‍ നില്‍ക്കുകയാണെങ്കിലും കുഴപ്പമില്ല. അത് ഇന്ത്യയില്‍ തന്നെയാണ് എന്ന് സമാധാനിക്കാം. നഗരം ഒരു ഇടനിലക്കാരന്‍ മാത്രമാണ്. കമ്മീഷന്‍മാത്രമാണ് അവര്‍ക്ക് കിട്ടുന്നത്. പണം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വഴി ഇന്ത്യക്ക് പുറത്തേക്കാണ് ഒഴുകുന്നത്. 140,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നത്. എല്ലാ വര്‍ഷവും നമ്മുടെ കോടികള്‍ പുറത്തേക്ക് പോകുന്നു. വിത്ത്, വളം, കീടനാശിനി, ട്രാക്ടര്‍, അലോപ്പതി, കോസ്മറ്റിക്‌സ് അങ്ങനെ കര്‍ഷകര്‍ ഉപഭോക്താവായി മാറിയതിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. ഹരിതവിപ്ലവക്കാരന്‍ ഉദ്ദേശിച്ച സാമ്പത്തിക സാമ്രാജ്യത്വം അവര്‍ വിചാരിച്ചതിലും എളുപ്പം അധീശത്വം നേടി.
1910 ല്‍ ജോണ്‍ കെന്നി രചിച്ച ntensive farming in India എന്ന പുസ്തകത്തില്‍ ഇന്ത്യയില്‍ നാലായിരത്തില്‍ പരം നാടന്‍ നെല്‍വിത്തുകളുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നെല്ലുല്‍പാദനം ഇംഗ്ലണ്ടിലേതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന് 1804ല്‍ എഡിന്‍ബര്‍ഗ് റിവ്യൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐനി അക്ബറി എന്ന മുഗള്‍ ഗ്രന്ഥത്തിലും ഇന്ത്യയിലെ നെല്ലുല്‍പാദനത്തിന്റെ കണക്കുകളും രേഖകളുമുണ്ട്. ഇതെല്ലാം ഹരിത വിപ്ലവം കൊണ്ടു വന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തുകളേക്കാള്‍ കൂടുതലായിരുന്നുവെന്നുകാണാന്‍ പ്രയാസമില്ല.
രാസവളം ഉപയോഗിച്ചുള്ള കൃഷി (Chemical Farming) കൃഷിക്കാരന് ഗുണം ചെയ്യുന്നുണ്ടെങ്കില്‍, മണ്ണിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നില്ലെങ്കില്‍, ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍, വിളകളില്‍ വിഷാംശമില്ലെങ്കില്‍ അംഗീകരിക്കാം. പക്ഷേ, സംഭവിക്കുന്നത് എന്താണ്? മണ്ണും വായുവും വെള്ളവും മലിനമാകുന്നു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു. ആഗോള താപനം രൂക്ഷമാകുന്നു. വന്‍തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നുണ്ട്. കര്‍ഷകര്‍ കടക്കെണിയിലായി. ആത്മഹത്യ പെരുകി. എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുകയാണ് രാസകൃഷി. പുതിയ പുതിയ രോഗങ്ങള്‍ വന്നു. ഒന്നിനും ഒരു നിയന്ത്രണവുമില്ല. പ്രകൃതിവിഭവങ്ങള്‍ ഇതുപോലെ നശിപ്പിക്കപ്പെട്ടാല്‍ ഭാവിതലമുറയ്ക്ക് നിലനില്‍പുണ്ടാകില്ല.മനുഷ്യരാശിയുടെ ഭാവി അപകടത്തിലാകും. വിവേക ശൂന്യമായ ഈ കൃഷിരീതി അവസാനിപ്പിക്കുന്നതിനാണ് ഞാന്‍ ബദല്‍ കൃഷിരീതിയെ ക്കുറിച്ച് ആലോചിച്ചത്.
ജൈവകൃഷിയും (Organic farming) ഇന്ത്യന്‍ ഫിലോസഫിയല്ല. അത് ഇന്ത്യന്‍ ടെക്‌നോളജിയല്ല. വിദേശ ടെക്‌നോളജിയാണ്. രാസകൃഷിയേക്കാള്‍ അപകടമാണ് ജൈവകൃഷി. ജൈവകൃഷിയില്‍ നിക്ഷേപ (Input) ചെലവ് രാസകൃഷിയുടേതിനേക്കാള്‍ നാലിരട്ടിയാണ്. കര്‍ഷകരെ കൂടുതലായി ചൂഷണം ചെയ്യുന്ന രീതിയാണ് ജൈവകൃഷിയിലുള്ളത്. മണ്ണിലുള്ള ജീര്‍ണിച്ച ജൈവാംശത്തില്‍ (ഔാൗ)െ നിന്നാണ് ഏതൊരു സസ്യത്തിന്റേയും വേര് പോഷകം വലിച്ചെടുക്കുന്നത്. ഈ ജൈവാംശമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നു പറയുന്നത്. ജൈവാംശം കൂടുന്നത്അനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂടും. ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങളും മരങ്ങളില്‍നിന്നു വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചാണ് ഈ ജൈവാംശം രൂപപ്പെടുന്നത്. മണ്ണിര കമ്പോസ്റ്റ് ഇന്ത്യന്‍ ടെക്‌നോളജിയല്ല. ഈടെക്‌നോളജിയില്‍ വരുന്ന മണ്ണിര മണ്ണ് തിന്നുന്നില്ല. മണ്ണു തിന്നുന്നതാണ് മണ്ണിര.
മണ്ണിന്റെ ഫലപുഷ്ടി ഉറപ്പു വരുത്താന്‍ രാസവളം പ്രയോഗിക്കണമെന്ന് കാര്‍ഷിക സര്‍വകലാശാലകളും കൃഷിശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരെ തുടര്‍ച്ചയായി നിര്‍ബന്ധിക്കുന്നു. ഒരു വ്യാഴവട്ടത്തിനുശേഷം കൃഷിയില്‍നിന്ന് പഴയതുപോലെ വിളവ് കിട്ടാതായപ്പോള്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാന്‍ ആര്‍ക്കും സാധിച്ചില്ല. അന്നേരമാണ് ഞാന്‍ കാടിനെക്കുറിച്ച് ചിന്തിച്ചത്. കാടിന്റെ പരിസ്ഥിതി സംവിധാനം ആദിവാസി ജീവിത രീതിയെബാധിക്കുന്നത് എങ്ങനെ എന്ന് നേരത്തേ നടത്തിയ ഗവേഷണത്തില്‍ ഞാന്‍ കണ്ടെത്തിയതാണല്ലോ. വനത്തിലുള്ള മരങ്ങള്‍ക്കും ചെടികള്‍ക്കും വള്ളികള്‍ക്കും എന്തുകൊണ്ട് രാസവളംആവശ്യമില്ല? പുറത്തു നിന്ന് ജൈവവളം കൊണ്ടുവരേണ്ടതില്ല? ട്രാക്ടറുകള്‍ വനം ഉഴുതുമറിക്കുന്നില്ല? എന്തുകൊണ്ട് കീടനാശിനി ആവശ്യമില്ല? ഇതൊന്നുമില്ലാതെ, മനുഷ്യന്റെ ഒരു സഹായവുമില്ലാതെ കാട്ടുമരങ്ങള്‍ വന്‍തോതില്‍ കായ്കനികള്‍ തരുന്നു. മാവും പ്ലാവുംപുളിയും നെല്ലിയുമൊക്കെ ഏത് വേനലിനേയും അതിജീവിക്കുന്നു. അപ്പോള്‍ സര്‍വകലാശാലകളും കൃഷി ശാസ്ത്രജ്ഞരും പറയുന്നതില്‍എന്തോ പന്തികേടുണ്ട്.
ആറ് വര്‍ഷത്തെ ഗവേഷണംകൊണ്ട് കാട്ടില്‍ വളരുന്ന ഏത് സസ്യത്തിനും ആവശ്യമായ മൂലകങ്ങള്‍ അവയുടെ വേരുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നുതന്നെ ലഭിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. മനുഷ്യന്റെ ഒരു സഹായവും വേണ്ട. നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി.
പ്രശസ്ത മണ്ണുശാസ്ത്രജ്ഞരായ ഡോ. ക്ലാര്‍ക്കും ഡോ. വാഷിങ്ടണും 1924-ല്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണം മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നതാണ്. ലോക പ്രശസ്ത എണ്ണക്കമ്പനിയായ ബര്‍മാ ഷെല്‍ എണ്ണപര്യവേക്ഷണത്തിനായാണ് അവരെ നിയോഗിച്ചത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അവര്‍ നടത്തിയ പരിശോധനയില്‍ മണ്ണില്‍ താഴേക്ക് ചെല്ലുംതോറും സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ മൂലകങ്ങളുടെ അളവ് കൂടിക്കൂടി വരുന്നതായികണ്ടെത്തി. നമ്മുടെ മണ്ണില്‍ പോഷക മൂലകങ്ങള്‍ സമൃദ്ധമായി ഉണ്ടെന്ന മഹാസത്യം വെളിപ്പെട്ടുവെങ്കിലും മണ്ണ് പരിശോധിക്കണമെന്ന് ഇന്നും കാര്‍ഷിക സര്‍വകലാശാലകളും കൃഷി വകുപ്പും ശുപാര്‍ശ ചെയ്യുന്നു. ഇത് മറ്റൊരുവഞ്ചനയാണ്.
മണ്ണില്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ഉണ്ടെങ്കിലും സസ്യങ്ങളുടെ വേരുകള്‍ക്ക് അത് നേരിട്ട് വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സസ്യങ്ങളെ അതിന് പ്രാപ്തമാക്കുന്നത് വേരുകള്‍ക്ക് ചുറ്റും പ്രവര്‍ത്തുന്ന സൂക്ഷ്മ ജീവികളാണെന്ന് ഞാന്‍ കണ്ടെത്തി. കയറ്റുമതിക്ക് പോലും പറ്റുന്ന ഗുണമേന്മയുള്ള കായ്കനികള്‍ തരുന്ന കാട്ടിലെ മരങ്ങളുടെ ചുവട്ടില്‍ ജന്തുക്കളുടെയും പക്ഷികളുടെയും കീടങ്ങളുടെയും വിസര്‍ജ്യവസ്തുക്കളും അവശിഷ്ടങ്ങളും കണ്ടു. ഇതിനും മരങ്ങളുടെ വളര്‍ച്ചയ്ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മനസ്സിലായി. ഈ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നുണ്ടാകുന്ന ജീവാണുക്കളും മരങ്ങളില്‍നിന്ന് വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചുണ്ടാകുന്ന ജൈവാംശവും (humus) ഉപയോഗിച്ചാണ് മരങ്ങള്‍ കാട്ടില്‍ ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കുന്നതെന്നും ഞാന്‍ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തി.
ഗവേഷണത്തിനായി കാട് കയറിയിറങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്. ചില മരത്തിനു ചുവട്ടില്‍ ഉറുമ്പുകളെപ്പോലുള്ള ചെറുജീവികള്‍ അതീവ ചുറുചുറുക്കോടെ ജീവിക്കുന്നു. മരത്തിന്റെ നിഴലിനു പുറത്ത് അവറ്റയെ കാണാനില്ല. ഈ കാഴ്ച എന്റെ ഗവേഷണത്തിന് ആക്കം കൂട്ടി. സസ്യങ്ങള്‍ സൂക്ഷ്മാണുക്കളെ ആകര്‍ഷിക്കുന്നതിന് മധുരമുള്ള ചില ദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് സൂക്ഷ്മാണുക്കളുടെ ഭക്ഷണമാകുന്നു. പ്രകാശസംശ്ലേഷണം വഴി ഉത്പാദിപ്പിച്ച ഈ ഭക്ഷണം വേരുകള്‍ വഴിയാണ് സസ്യം പുറത്തേക്ക് ഒഴുക്കുന്നത്. മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുന്നു. ഈ ഭക്ഷണം കഴിച്ച് സസ്യങ്ങളുടെ വേരുകള്‍ക്കിടയില്‍ ജീവിക്കുന്ന ഈ സൂക്ഷ്മജീവികള്‍ വേരുകള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍പറ്റാത്ത രീതിയിലുള്ള പോഷകങ്ങളെ വേരുകള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന തരത്തിലാക്കുന്നു. ഈ മഹാസത്യമാണ് സത്യത്തില്‍ എന്നെ പുതിയ കൃഷിരീതിയിലേക്ക് നയിച്ച അടിസ്ഥാന പാഠം.
ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ പരസ്പരം സഹകരിച്ച് ജീവിക്കുന്ന 268 വക ചെറു സസ്യങ്ങളെ കണ്ടു. അവയില്‍ 75 ശതമാനം സസ്യങ്ങളും ഇരട്ടപ്പരിപ്പ് വര്‍ഗത്തിലും 25 ശതമാനം ഒറ്റപ്പരിപ്പ് വര്‍ഗത്തിലും (പുല്ല്) പെട്ടവയാണ്. സൂര്യപ്രകാശം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണം സൂക്ഷ്മാണുക്കള്‍ക്ക്ഉപകാരപ്പെടുന്നുവെന്നും മണ്ണില്‍ വീഴുന്ന ഇലകള്‍ ജീര്‍ണിച്ച് ജൈവാംശമായി മാറുന്നതിനാല്‍ സൂക്ഷ്മാണുക്കള്‍ പെരുകുന്നുവെന്നും കണ്ടെത്തി.
കാട്ടിലെ പഠനങ്ങളില്‍ നിന്ന് ഞാന്‍ നമ്മുടെ സര്‍വകലാശാലകള്‍ പ്രചരിപ്പിക്കുന്ന വലിയ നുണകളുടെ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം പഞ്ചഭൂതങ്ങളില്‍ നിന്ന് ലഭിക്കുന്നുവെന്നതാണ് സത്യം. രാസവളം പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന സര്‍വകലാശാലകള്‍ പെരുംനുണകളാണ് നമ്മെ പഠിപ്പിക്കുന്നത്. സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടതെല്ലാം അവയുടെ വേരിന്റെ അടുത്തുനിന്നുതന്നെ കിട്ടുന്നു. നമ്മുടെ മണ്ണ് എല്ലാ മൂലകങ്ങളാലും സമൃദ്ധമാണ്. ഒരു സസ്യം വളരാന്‍ ആവശ്യമായ മൂലകങ്ങളുടെ 1.5 ശതമാനം മാത്രമേ മണ്ണില്‍ നിന്ന് എടുക്കുന്നുള്ളു. ബാക്കി 98.5 ശതമാനം വായുവില്‍ നിന്നുംവെള്ളത്തില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. പിന്നെ എന്തിനാണ് സസ്യം വളരാന്‍ പുറത്തുനിന്ന് വളം പ്രയോഗിക്കുന്നത്? വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതാകട്ടെ പ്രകാശസംശ്ലേഷണം വഴിയാണ്. പ്രകാശസംശ്ലേഷണത്തിന് കാര്‍ബണ്‍ ഡൈ ഓകൈ്‌സഡും നൈട്രജനും സസ്യം അന്തരീക്ഷത്തില്‍നിന്ന് എടുക്കുന്നു. വെള്ളം ഭൂമിയില്‍നിന്ന് ലഭിക്കുന്നു. അത് തരുന്നതാകട്ടെ മഴമേഘങ്ങള്‍. പ്രകാശം സൂര്യനില്‍നിന്നും. എല്ലാ പ്രവൃത്തിയും പ്രകൃതിയുടെ സഹായത്താല്‍ മാത്രം നടക്കുമ്പോള്‍ സര്‍വകലാശാലകള്‍ പറയുന്ന നുണകള്‍ വിശ്വസിച്ച് കൃഷിക്ക് പണം ചെലവാക്കേണ്ട ആവശ്യമുണ്ടോ?
കാട് പഠിപ്പിച്ച പാഠങ്ങള്‍ ഞാന്‍ നാട്ടില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചു. നമ്മുടെ കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠത നശിച്ചു. സസ്യങ്ങള്‍ക്ക് പോഷകമൂലകങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സൂക്ഷ്മജീവികള്‍ ഇല്ലാതായതാണ് കാരണം. ഹരിതവിപ്ലവം ചതിച്ച ചതിയാണ് അത്. രാസവളങ്ങളും കീടനാശിനികളും കളനാശിനികളും ട്രാക്ടറുകളും ഉപയോഗിച്ചും പതിറ്റാണ്ടുകളോളം നടത്തിയ കൃഷിരീതി നമ്മുടെ മണ്ണിനെ നശിപ്പിക്കുകയായിരുന്നു.
നാടന്‍ പശുവിന്റെ ചാണകം ഉപയോഗിച്ച് നമുക്ക് നഷ്ടമായ കോടാനുകോടി സൂക്ഷ്മാണുക്കളെ മണ്ണിലേക്ക് കടത്തിവിടാന്‍ സാധിക്കും. മണ്ണ് അങ്ങനെ വീണ്ടും നമുക്ക് ഫലഭൂയിഷ്ഠമാക്കാം. ഇന്ത്യയിലെ നാടന്‍ പശുക്കളുടെ ചാണകത്തില്‍ മാത്രമാണ് ഈ രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളത്. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ 300 മുതല്‍ 500 കോടി വരെ സൂക്ഷ്മാണു ജീവികളാണുള്ളത്. മണ്ണിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ ചാണകം മതി.
ഇന്ത്യയുടെ നാടന്‍ പശുക്കളായ ഗൗലവ്, ലാല്‍, ഖണ്ഡാര, വില്ലാരി, ധിയോനി, ഡാങ്കി, നിമാരി, ഗീര്‍, ഥാര്‍പാര്‍ക്കര്‍, സാഹിവാള്‍, സിന്ധി, അമൃത് മഹല്‍, കൃഷ്ണവാലി തുടങ്ങിയ പശുക്കളെയും കാളകളെയും എരുമകളെയും വിദേശ ഇനങ്ങളെയും കുറിച്ച് വെവ്വേറെ ഗവേഷണം നടത്തി. അതത് പ്രദേശത്തുള്ള കന്നുകാലികളാണ് ഏറ്റവും ഗുണം ചെയ്യുക എന്ന് മനസ്സിലായി. അന്യനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത് വളര്‍ത്തുന്ന ജഴ്‌സിയും ഹോള്‍സ്റ്റിയന്‍ ഫ്രീഷ്യനും ഇന്ത്യന്‍ മണ്ണിന് യോജിച്ചതല്ലെന്ന് മാത്രമല്ല, ദോഷകരവുമാണ്. നാടന്‍ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് വെവ്വേറെ കൃഷിയിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അദ്ഭുതകരമായ ഫലമാണ് കിട്ടിയത്.
ചാണകപരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നാടന്‍പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും മാത്രമേ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ ആവാസകേന്ദ്രമാകാന്‍ സാധിക്കൂ. നാടന്‍പശുവിന്റെ ചാണകം കിട്ടാതെവന്നാല്‍ പകുതി നാടന്‍ കാളയുടെയോ എരുമയുടെയോ ചാണകം ഉപയോഗിക്കാവുന്നതാണ്. കപില എന്ന കറുത്ത പശുവിന്റെ ചാണകവും മൂത്രവും ഏറ്റവും നല്ലതും ഏറെ ഔഷധ ഗുണമുള്ളതുമാണെന്ന് കണ്ടെത്തി. പുതിയ ചാണകമാകുന്നതാണ് ഉത്തമം. മൂത്രം എത്ര പഴക്കമുള്ളതാണോ അത്രയും നല്ലത്. ഒരു പശുവിന്റെ ചാണകംകൊണ്ട് 30 ഏക്കര്‍ കൃഷി ചെയ്യാന്‍ സാധിക്കും. ഒരു ഏക്കര്‍ കൃഷി ചെയ്യാന്‍ ഒരു മാസത്തേക്ക് പത്തുകിലോ ചാണകം മതിയെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഒരു നാടന്‍ പശു ഒരു ദിവസം 11 കിലോ ചാണകമിടും. നാടന്‍ കാള 13 കിലോയും എരുമ 15 കിലോയും ചാണകമിടും. ഇത് ഏകദേശ കണക്കാണ്.
നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഒപ്പം മധുരമുള്ള നാടന്‍ശര്‍ക്കര, തേന്‍, കരിമ്പിന്‍ നീര്, പനഞ്ചക്കര എന്നിവയില്‍ ഏതെങ്കിലും ഒന്നും ഉപയോഗിച്ച് വിവിധ വിളകളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അദ്ഭുതകരമായ ഫലമാണ് ലഭിച്ചത്. കാട്ടില്‍ നിന്ന് പഠിച്ച പാഠം പ്രയോഗിക്കുകയായിരുന്നു ഞാന്‍. വൃക്ഷങ്ങളുടെ ചുവട്ടില്‍ ഉണ്ടായിരുന്ന പക്ഷിമൃഗാദികളുടെ വിസര്‍ജ്യവസ്തുക്കള്‍ക്കും മൂത്രത്തിനും പകരമാണ് നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചത്. സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കായി വേരുകള്‍ ഉത്പാദിപ്പിക്കുന്ന മധുരമുള്ള ഭക്ഷണത്തിന് പകരം നാടന്‍ ശര്‍ക്കര ചേര്‍ത്തു. മരങ്ങളുടെ ചുവട്ടിലുള്ള ഇരട്ടപ്പരിപ്പ് സസ്യങ്ങള്‍ക്കുപകരം പയറുവര്‍ഗ വിളകളുടെ മാവ് ഉപയോഗിച്ചു. നിരന്തരമായ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആ ചേരുവയ്ക്ക് ജീവാമൃതം എന്ന് പേരിട്ടു.
ജീവാമൃതം ഉപയോഗിച്ചുണ്ടാക്കുന്ന വിളകളെ കീടങ്ങള്‍ ഉപദ്രവിക്കില്ല. ജീവാമൃതത്തിന് നല്ല മണമാണ്. പതിനഞ്ച് അടി താഴെവരെ എത്തുന്ന ഈ മണം നാടന്‍ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് ക്ഷണിച്ചു വരുത്തും. സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകമൂലകങ്ങള്‍ വേരുപടലങ്ങളിലേക്ക് എത്തുന്നത് അങ്ങനെയാണ്. നമ്മുടെ കൃഷിയിടത്തില്‍ കാണുന്ന മണ്ണിരകള്‍ക്ക് മാത്രമേ ഈ ഗുണമുള്ളൂ. വിദേശ മണ്ണിരകള്‍ക്ക് ഈ സ്വഭാവമില്ല. അവ മണ്ണ് ഭക്ഷിക്കില്ല. താഴേക്കും മുകളിലേക്കും സഞ്ചരിച്ച് മണ്ണ് ഉഴുകയില്ല. വിദേശ മണ്ണിരകള്‍ ചവറുകള്‍ തിന്ന് വിസര്‍ജ്യം പുറത്തുതള്ളുകയാണ് ചെയ്യുന്നത്.
വിളകള്‍ക്കിടയില്‍ കാണുന്ന കളകളെ �

വിക്ടോറിയ വെള്ളച്ചാട്ടം victoria water falls

1855-ല്‍ ഡേവിഡ് ലിവിംഗ്സ്റ്റണ്‍ എന്ന പര്യഗവേഷകന്‍
ഈ വെള്ളച്ചാത്തെകുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചു
വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനസുചകമായി
"വിക്ടോറിയ ഫാള്‍സ് ' എന്നു പേരിട്ടതും ലിവിംഗ്സ്റ്റണ്‍ ആയിരുന്നു
തദേശിയരായ കുലോലുകള്‍ക്ക് 'മോയ്സ്- ഒവ- ടുന്യ' ആണിത്
ഇര്ന്പിയാര്‍ക്കുന്ന നുര എന്നര്‍ത്ഥം സിബാംബെയുടെ സാംബിയുടെയും
അതിര്‍ത്തിയില്‍ സാംബസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം
ഇരുരജ്യങ്ങളില്‍ നിന്നും വിക്ടോറിയയുടെ സൊന്ദര്യം നുകരാം
108 മിറ്റര്‍ ഉയരത്തില്‍ നിന്ന്‍ 1.7 കി.മി വിതിയില്‍ സാംബസി തഴേക്ക്‌
പതിക്കുകയാണിവിടെ ഒരു സെക്കന്‍ഡില്‍ പത്തുലക്ഷം ലിറ്റര്‍ ശരാശരി
ജലപാതം
( നയാഗ്രക്ക് 58 മിറ്റര്‍ ഉയരവും ഒരു കി.മി വീതിയും)

ധീരുഭായ് അംബാനി dhirubhai ambani

ധീരുഭായ് അംബാനി
1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാംവിധം ദൌര്‍ലഭ്യം അനുഭവപ്പെട്ടു. നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അവിടത്തെ അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍നിന്ന് വെള്ളി ഉരുക്കിവിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു. ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നത് ഒരു ജനിതകഗുണമായി കൊണ്ടുനടന്ന ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മഗുണം ഗുജറാത്തി മോധ്ബനിയ എന്ന വൈശ്യ വിഭാഗത്തിന്റെ പ്രത്യേകതയാണ്. അത്രമാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് ആ വിഭാഗം.

1932ല്‍ ഗുജറാത്തിലെ ചോര്‍വാഡാ (ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ ദേശം) എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരുഭായി അംബാനി ജനിക്കുന്നത് . ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം. മെട്രിക്കുലേഷന്‍ കഴിഞ്ഞ് മിഡില്‍ ഈസ്റ്റില്‍ ജോലിക്കുപോയി പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചുവരുമ്പോള്‍ പണമുണ്ടാക്കാന്‍ ലോകത്ത് ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്ന്‍ അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു.

ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടികളിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ലപോലെ അറിയാം. രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പംതന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍കൂടി പങ്കുവഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്രപരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരുപറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി. ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാരായി മാറുന്ന കാഴ്ച നാം കാണുന്നുണ്ട്. കോണ്‍ഗ്രസ്സ് ഭരിച്ചാലും ബിജെപി ഭരിച്ചാലും രാജ്യഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ആശ്രിതവത്സരരുടെ നീണ്ട നിരതന്നെ ഇരു പാര്‍ട്ടികളിലും അംബാനിക്കുണ്ടായിരുന്നു. 

വ്യാവസായിക എതിരാളികളെ ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതില്‍ അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഭരണകൂടങ്ങളെ സ്വാധീനിച്ചാണ് എതിരാളികളെ എപ്പോഴും നേരിട്ടിരുന്നത് . വസ്ത്രവ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ 'ബോംബെ ഡയിങ്ങി'ന്റെ മേധാവി നുസ്ലി വാഡിയയെയും ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, രാഷ്ട്രീയത്തില്‍ ഒരുപാടു അഭ്യുദയകാംക്ഷികളുണ്ടായിരുന്ന, മാന്യനായ വ്യവസായിയിരുന്ന നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല. (നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറുമകനാണ്) അവസാനം മുംബൈ അധോലോകത്തിലെ വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു. ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു.

പെയിഡ് ജേര്‍ണലിസവും എന്‍വലപ്പ് ജേര്‍ണലിസവും ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു. രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പംതന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും ആയുധം. ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ഗിരിലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രസിന്‍റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നു. പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഗോയങ്ക റിലയന്‍സിന്റെ ശത്രുപക്ഷത്തേക്കു മാറി. ഇതിനു പിന്നില്‍ 'ബോംബെ ഡയിങ്ങി'ന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണമായത്. രാംനാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായിതന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി . റിലയന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ചാര്‍ട്ടേഡ് അക്കൌണ്ടന്റും സ്വദേശി സാമ്പത്തികവാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍. റിലയന്‍സിനെപ്പോലുള്ള ഒരു വന്‍കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ കാഴ്ചപ്പാട്. യഥാര്‍ത്ഥത്തില്‍ അതു സത്യവുമായിരുന്നു. ഗുരുമൂര്‍ത്തിയുടേത് ഒരു ഒറ്റയാന്‍ പോരാട്ടം തന്നെയായിരുന്നു , രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി. ഒരിക്കല്‍ അദ്ദേഹത്തെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991ല്‍ മരിക്കുന്നതുവരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല. 

അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത്, ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍, ഭരണകൂടങ്ങളെ പോലും ഭരിക്കാന്‍ കഴിവുള്ള മഹാശക്തിയായി അംബാനിമാര്‍ മാറിക്കഴിഞ്ഞിരുന്നു.

2005ല്‍ പുറത്തിറങ്ങിയ ഫ്രീ പ്രസ്സ് ജേണല്‍ എന്ന മാസികയുടെ ആദ്യ ലക്കംതന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും, ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും, അതുവഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങളായിരുന്നു. ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന റിലയന്‍സിന്‍റെ ക്രമക്കേടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതിലുണ്ടായിരുന്നു. ഷെല്‍ കമ്പനികളെ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത്. ഷെല്‍ കമ്പനികളെക്കുറിച്ചുള്ള നിര്‍വചനം ഇങ്ങനെയായിരുന്നു. A shell company is a company that exists but does not actually do any business or have any assets. ഷെല്‍ കമ്പനി എന്നാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു സാധ്യമാണ് .ഇത്തരത്തില്‍ നൂറുകണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത്. ഇതുവഴി, ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായിതന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും റിലയന്‍സിനു കഴിഞ്ഞു. ഇങ്ങനെ, നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആദ്യ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തുകൊണ്ടോ മൂന്നുനാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല. (കാരണം പകല്‍പോലെ വ്യക്തമെങ്കിലും.........)

തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന മഹാരാജ്യം നിലനില്‍ക്കുന്നതെന്നു സ്ഥാപിക്കാനായി വലിയതോതില്‍ പണമൊഴുക്കുകയും പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന അതിമിടുക്കന്മാരാണ് അംബാനിമാര്‍.

കളവും വഞ്ചനയും നടത്തി അതിന്റെ നിറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ഇന്ത്യന്‍ ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ്സ്റ്റഡികളായി പരിഗണിക്കുന്നത്. 

വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരുഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി പാടുകയും, അവര്‍ ഈ രാജ്യത്തെ ഒന്നാംകിട സമ്പന്നരായതില്‍ അഭിമാന വിജൃംഭിതരാകുകയും ചെയ്യുന്നവര്‍ ഈ രാജ്യം ഭരിക്കുമ്പോള്‍, ആലിലയുടെ രൂപത്തിലുള്ള സ്വര്‍ണ്ണ പതക്കത്തില്‍ സൂര്യന്‍റെ ചിഹ്നവും അതില്‍ ദേവനാഗരി ലിപിയില്‍ 'ഭാരതരത്ന' എന്ന വാക്കുകള്‍ കൊത്തിയിട്ടുള്ള, ഈ രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ "ഭാരതരത്നം" ലഭിച്ചാലും ഒട്ടും അതിശയപ്പെടേണ്ടതില്ല. 

പക്ഷെ, ഈ ബഹുമതികള്‍ അംബാനിമാര്‍ക്ക് ചാര്‍ത്തിക്കൊടുത്തവരോട് കാലം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.....

അതിതാണ്.....
ഈ അംബാനിമാര്‍ അവര്‍ക്ക് വേണ്ടിയല്ലാതെ, ഈ രാജ്യത്തെ ജനങ്ങള്‍ക്ക്‌ വേണ്ടി എന്ത് ചെയ്തു????

അത്യുന്നതര്‍ തന്‍ വാചാലതയ്ക്ക് അതിന്നുത്തരമില്ലായിരുന്നു......