![]() |
| andre escobar |
ഒരു സെല്‍ഫ് ഗോളിന്റെ പേരില്‍ ജീവന്‍ ബലി നല്‍കേണ്ടി വന്ന 27കാരന്‍ കൊളംബിയന്‍ ഡിഫന്‍ഡര്‍. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപത്ത് ഫുട്‌ബോള്‍ കേവലം പന്തു കളിയല്ലെന്നും അത് ആമസോണ്‍ പോലെ നിഗൂഢമാണെന്നും ലോകം ഞെട്ടലോടെ മനസിലാക്കിയത് 1994 ജൂലൈ രണ്ടിന്റെ രാത്രിയിലാണ്.ഡീഗോ മറഡോണ മരുന്നടിക്കു പിടിക്കപ്പെട്ട അതേ അമേരിക്കന്‍ ലോകകപ്പിലായിരുന്നു ഫുട്‌ബോള്‍ ലോകം ഓര്‍ക്കാന്‍ വെറുക്കുന്ന എസ്‌കോബാര്‍ ദുരന്തം.
ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീനക്കെതിരെ 5-0ന്റെ ആധികാരിക വിജയവുമായി ലോകകപ്പിന് പുറപ്പെടുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും കൊളംബിയ സ്വപ്‌നം കണ്ടിരുന്നില്ല. പെലെയടക്കമുള്ളവരുടെ പ്രവചനങ്ങളിലും കിരീട സാധ്യതയില്‍ ഒന്നാം സ്ഥാനം അവര്‍ക്കായിരുന്നു. കാര്‍ലോസ് വാള്‍ഡറാമ, ഫ്രെഡി റിങ്കോണ്‍, ഫോസ്റ്റിനോ ആസ്പ്രില്ല തുടങ്ങിയവര്‍ അണിനിരന്ന ഒരു പ്രതിഭാ സംഘമായിരുന്നു അത്. 26 കളികളില്‍ ഒരു മത്സരം മാത്രം തോറ്റാണ് കൊളംബിയ ലോകകപ്പിന് പുറപ്പെട്ടത്.
എന്നാല്‍, ആദ്യ മത്സരത്തില്‍ റൊമാനിയ അവരെ 3-1ന് തകര്‍ത്ത് വാര്‍ത്ത സൃഷ്ടിച്ചു. 91,000 കാണികള്‍ തിങ്ങിനിറഞ്ഞ റോസ് ബൗളിലെ അതേ മൈതാനത്തായിരുന്നു അടുത്ത മത്സരം. എതിരാളികള്‍ ആതിഥേയര്‍. അമേരിക്കക്കെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും കൊളംബിയക്ക് മതിയാകുമായിരുന്നില്ല.
34-ാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് പന്ത് നിയന്ത്രിക്കാനുള്ള ആന്ദ്രെ എസ്‌കോബാറിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിച്ചു. ക്യാപ്റ്റന്റെ കാലില്‍ നിന്നെത്തിയ ആ ഗോള്‍ കൊളംബിയക്ക് സഹിക്കാനാകുമായിരുന്നില്ല. പ്രത്യേകിച്ച് ടീമിന്റെ മുന്നേറ്റം വാതുവെച്ച് കാത്തിരിക്കുകയായിരുന്ന നാട്ടിലെ വാതുവെപ്പ് മാഫിയകള്‍ക്ക്. 2-1ന് കൊളംബിയ കളി തോറ്റു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ
ടൂര്‍ണമെന്റിന്റെ ഇടയില്‍ തന്നെ കൊളംബിയന്‍ സംഘത്തിനെതിരെ വധഭീഷണി ഉണ്ടായിരുന്നതായി ടോപ് സ്‌ട്രൈക്കര്‍ ഫോസ്റ്റിനോ ആസ്പ്രില്ല പിന്നീട് പറഞ്ഞു. മിഡ്ഫീല്‍ഡര്‍ ബാരാബാസ് ഗോമസിനെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കരുതെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. ബാരാബാസ് അന്ന് കളിച്ചിരുന്നെങ്കില്‍ തങ്ങളെയെല്ലാവരെയും അവര്‍ കൊന്നു കളയുമായിരുന്നെന്ന്് 2010ല്‍ ഇ.എസ്.പി.എന്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ആസ്പ്രില്ല പറഞ്ഞു.
ടീം പുറത്തായി അഞ്ചാം ദിവസം എസ്‌കോബാറിന് ജീവന്‍ നല്‍കേണ്ടി വന്നു. മെഡലിനിലെ ജന്‍മനാട്ടിലായിരുന്നു കൊളംബിയന്‍ നായകന്റെ അന്ത്യം. നിശാക്ലബില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു എസ്‌കോബാര്‍. മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും അഭിവാദ്യം ചെയ്ത് അടുത്തേക്ക് വന്നു. ഓണ്‍ ഗോളിനെ കുറിച്ചായിരുന്നു അവരുടെ ചോദ്യം. അതൊരു പിഴവായിരുന്നെന്ന് വാദിച്ച് അവരുമായി തര്‍ക്കിക്കേണ്ടി വന്നു എസ്‌കോബാറിന്. പെട്ടെന്ന് രണ്ടു പേര്‍ കൈ തോക്കുകള്‍ പുറത്തെടുത്തു. ആറു തവണ നിറയൊഴിച്ചു. അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 45 മിനുട്ടിനുള്ളില്‍ എസ്‌കോബാര്‍ പ്രാണന്‍ വെടിഞ്ഞു.
കൊളംബിയയിലെ മാഫിയ സംഘങ്ങളിലൊന്നിന്റെ ബോഡി ഗാര്‍ഡായ ഹുംബര്‍ട്ടോ കാസ്‌ട്രോ മുനോസ് കുറ്റമേറ്റു. 43 വര്‍ഷത്തേക്ക് മുനോസ് ജയിലിലടക്കപ്പെട്ടു. 11 വര്‍ഷത്തിനു ശേഷം നല്ല നടപ്പിനെ തുടര്‍ന്ന് വിട്ടയക്കപ്പെടുകയും ചെയ്തു.എസ്‌കോബാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് 120,000 പേരാണ് പങ്കെടുത്തത്. ദുരന്തത്തെ തുടര്‍ന്ന് കൊളംബിയന്‍ താരങ്ങളില്‍ പലരും ഒന്നിച്ച് കളിനിര്‍ത്തി. നിശാക്ലബ് തകര്‍ക്കപ്പെട്ടു. പുല്ലും പാഴ്‌ച്ചെടികളും വളര്‍ന്ന് അവിടെ കാടുമൂടി. ഒരു മഹാപാപവും അതിനോടൊപ്പം മണ്ണിലലിഞ്ഞു പോയെങ്കിലെന്ന് കൊളംബിയ ആശിച്ചു.
21ാം വയസിലാണ് എസ്കോബാര്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ആരംഭിക്കുന്നത്. 1988 ല്‍ ദേശീയ ടീമിലെത്തി. അമ്മ നഷ്ടപ്പെട്ട വേദന എസ്കോബാര്‍ മറന്നത് പന്തു തട്ടിയായിരുന്നു. ഫുട്ബോളിലെ മാന്യന്‍ എന്നായിരുന്നു അക്കാലത്ത് എസ്കോബാര്‍ അറിയപ്പെട്ടിരുന്നത്. ദ ടു എസ്കോബാര്‍സ് എന്ന ഡോക്യുമെന്‍ഡറി എസ്കോബാറിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ചതാണ്. ഇന്നും എസ്കോബാറിനെ മറക്കാന്‍ കൊളംബിയയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കഴിയുന്നില്ല. കൊളംബിയന്‍ ലീഗില്‍ മത്സരം തുടങ്ങുമ്പോള്‍ എസ്കോബാറിനെ കുറിച്ച് പാട്ടുകള്‍ പാടും. ഇപ്പോഴും എസ്കോബാറിന്‍റെ ഹെയര്‍സ്റ്റൈലുകള്‍ കൊളംബിയയിലെ യുവാക്കള്‍ക്ക് ഹരമാണ്.
ഒരു നിമിഷത്തെ പിഴവിന്റെ പേരില്‍ ആറടി ഉയരക്കാരനായ ഒരു ഡിഫന്‍ഡറുടെ എല്ലാ സംഭാവനയും ചില ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ മറന്നു കളഞ്ഞത് ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം വേദനയോടെ ഓര്‍ക്കുന്നു .

No comments:
Post a Comment