Wednesday, February 8, 2017

ഭരണകൂടം അറിയണം; ഇ.അഹമ്മദിനെ ഒരു നോക്കു കാണാന്‍ കെഞ്ചിയ ഡോ. ഫൗസിയയുടെ മെഡിക്കല്‍ യോഗ്യതകള്‍ ഇങ്ങനെയൊക്കെയാണ്


*തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്.
*ഇപ്പോള്‍ ജോലി ചെയ്യുന്നത് ദുബൈ മെഡിക്കല്‍ കോളജിലെ പാതോളജി വകുപ്പില്‍

*ദുബൈ മെഡിക്കല്‍ കോളജിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഫക്ടീവ്‌നെസ്റ്റ് യൂണിറ്റിന്റെ ഡയറക്ടര്‍

*മെഡിക്കല്‍ മേഖലയിലെ മികവ് പുലര്‍ത്തുന്ന സംഘടനകള്‍ക്ക് ദുബൈ ഗവണ്‍മെന്റ് സമ്മാനിക്കുന്ന ദുബൈ ക്വാളിറ്റി പുരസ്‌കാരത്തിന്റെ സീനിയര്‍ ജൂറി

*2009 ൽ അമേരിക്ക ആസ്ഥാനമായുള്ള പ്രശസ്ത മെഡിക്കൽ അസോസിയേഷൻ FAIMER ഇന്റെ രണ്ടു വർഷത്തെ ഫെല്ലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്ന് ഗൾഫിൽ നിന്നും ആദ്യമായി FAIMER നെറ്റ്‌വർക്കിന്റെ ഭാഗമാകുന്ന സ്ഥാപനം  എന്ന ബഹുമതി ദുബായ് മെഡിക്കൽ കോളേജിന് സ്വന്തമായി

*ഒമാന്‍ ആരോഗ്യമന്ത്രാലയം, ചിക്കാഗോയിലെ ലൊയാള യൂണിവേഴ്‌സിറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്

*യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയിലെ ഇന്‍സ്ട്രക്്ഷണല്‍ ടെക്‌നോളജില്‍ മിനി ഫെല്ലോഷിപ്പ്

*മാസ്ട്രിച് ആന്‍ഡ് സൂയസ് കനാല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഹെല്‍ത്ത് പ്രൊഫഷന്‍സ് എജ്യുക്കേഷനില്‍ ജോയിന്റ് മാസ്‌റ്റേഴ്‌സ്

*2016 ൽ കേന്ദ്ര ഗവണ്മെന്റിന്റെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസ പഠനത്തിൽ ഡോക്ടറേറ്റ്.

*റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് (ഗ്ലാസ്‌ഗോ) ഫെലോ

*നിരവധി അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

*ക്ലിനികല്‍ പ്രാക്ടീസിനേക്കാള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

*ഫൗസിയയുടെ ഭര്‍ത്താവ് ബാബു ഷെര്‍സാദ് അമേരിക്കന്‍ ബോര്‍ഡ് സെര്‍ട്ടിഫിക്കറ്റുള്ള ആന്തരിക രോഗ വിദഗ്ധനും (വെയ്ന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി) നെഫ്രോളജിസ്റ്റു(ചിക്കാഗോ യൂണിവേഴ്‌സിറ്റി)മാണ്.

Friday, February 3, 2017

RML hospital hold news kerala mp E. Ahmed's death

ഇ. അഹമ്മദ് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണതു മുതല്‍  ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിൻറെ മരണം സ്ഥിരീകരിച്ച നിമിഷം വരെയുള്ള സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ മാധ്യമം ലേഖകന്‍ 12 മണിക്കൂറിലധികം നീണ്ട നാടകീയ രംഗങ്ങള്‍ വിശദീകരിക്കുന്നു:

ന്യൂഡല്‍ഹി: ഇളയ മകന്‍ നസീറിനെ ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്‍റിലേക്കിറങ്ങും മുമ്പ് നാലുവട്ടമാണ് അഹമ്മദ് വിളിച്ചത്. മക്കളോടുള്ള സ്നേഹാതിരേകത്തില്‍ ചില ദിവസം അങ്ങനെയൊക്കെ തമാശയാണ് അഹമ്മദിന്. നസീറിനോടുള്ള കളിചിരി കഴിഞ്ഞ് പതിവില്‍ കവിഞ്ഞ ആവേശത്തില്‍ ഇറങ്ങുമ്പോള്‍ ഒമ്പത് തീന്‍മൂര്‍ത്തി മാര്‍ഗില്‍ എന്നും കൂട്ടിനുള്ള ഷഫീഖിനെ കൈപിടിക്കാന്‍ പോലും അഹമ്മദ് സമ്മതിച്ചില്ല. രാവിലെ 11.05ന് പാര്‍ലമെന്‍റ് മന്ദിരത്തിലത്തെിയപ്പോഴും ഈ ഊര്‍ജസ്വലത അഹമ്മദ് കൈവിട്ടില്ല. അതുകൊണ്ടാണ് സെന്‍ട്രല്‍ ഹാളിലേക്കുള്ള വഴിമധ്യേയത്തെിയപ്പോഴേക്കും ‘‘ഇനി നീ പോയ്ക്കോ, ഞാനൊറ്റക്ക് പോയ്ക്കോളാ’’മെന്ന് ഷഫീഖിനോട് അഹമ്മദ് പറഞ്ഞത്.

സെന്‍ട്രല്‍ ഹാളിലത്തെിയപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസംഗം തുടങ്ങിയതുകൊണ്ടാകണം പതിവു തെറ്റിച്ച് പിന്‍നിരയിലാണ് അഹമ്മദ് ഇരുന്നത്. ഹൃദയാഘാതമുണ്ടായി അരമണിക്കൂറിനകം കുഴഞ്ഞുവീണ വിവരം കേരളത്തില്‍നിന്നുള്ള എം.പിമാരിലേറെ പേരും ഉടനറിയാതെപോയത് അതുകൊണ്ടായിരുന്നു. അവരെയൊന്നുമറിയിക്കാതെതന്നെ പ്രധാനമന്ത്രിയുടെ ഓഫിസിൻറെ ചുമതലയുള്ള, ഡോക്ടര്‍കൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൻറെ നേതൃത്വത്തില്‍ സുരക്ഷജീവനക്കാര്‍ അഹമ്മദിനെ ആംബുലന്‍സിലേക്കും തുടര്‍ന്ന് വിളിപ്പാടകലെയുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും മാറ്റി.

നാഡിമിടിപ്പ് നിലച്ചപ്പോള്‍!!
ജിതേന്ദ്ര സിങ്ങിൻറെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍നിന്ന് സ്ട്രെച്ചറില്‍ പുറത്ത് കടത്തുമ്പോള്‍ ഇ. അഹമ്മദിൻറെ നെഞ്ചിനിടിച്ച് തുടങ്ങിയതാണ്.  നാഡിമിടിപ്പ് കുത്തനെ താഴുകയാണെന്ന് കണ്ടതോടെ കൂടെയുണ്ടായിരുന്ന ഷഫീഖ് കലിമ (സത്യവാചകം) ചൊല്ലിക്കൊടുത്തുതുടങ്ങി. ഏറക്കുറെ മരണമായെന്ന് കൂട്ടത്തിലുള്ള ഒരു ഡോക്ടര്‍ പറഞ്ഞതോടെ ലീഗ് നേതാവായ ഖുര്‍റം വാവിട്ടു കരഞ്ഞു. ഈ സമയത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ അടക്കം ഏതാനും പേര്‍ ഐ.സി.യുക്കകത്തും പി.വി. അബ്ദുല്‍ വഹാബ്, എന്‍.കെ. പ്രേമചന്ദ്രന്‍, സുരേഷ് ഗോപി, ആന്റോ  ആന്‍റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു തുടങ്ങിയവരെല്ലാം ഇടനാഴിയിലുമാണ്. 

എല്ലാവരോടും പുറത്തുപോകാനാവശ്യപ്പെട്ട ഡോക്ടര്‍മാര്‍  ജിതേന്ദ്ര സിങ്ങും ഡയറക്ടറും ഐ.സി.യുവിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. ഇടനാഴിയില്‍ നിന്ന എം.പിമാരോട് അവിടെയും നില്‍ക്കാന്‍ പറ്റില്ളെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള മുറിക്കകത്താക്കി വാതിലടച്ചു.

മരിച്ച ശേഷമുള്ള നടപടിക്രമങ്ങള്‍ക്കായിരിക്കാം തങ്ങളെ മാറ്റിയതെന്ന് കരുതിയ വഹാബും ബഷീറും മയ്യിത്ത് നാട്ടിലത്തെിക്കുന്നതിന് വിമാനം ഏര്‍പ്പാടാക്കുന്നതിനെക്കുറിച്ചും പാണക്കാട് തങ്ങളെ ഉടന്‍ വിവരമറിയിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തുകയാണ്. അടച്ചിട്ട മുറിയിലിരുത്തിയ  ലീഗ് എം.പിമാരടക്കമുള്ളവരെ  കാണാതെ ഡയറക്ടറെയും കൂട്ടി ഐ.സി.യുവിലത്തെിയ ജിതേന്ദ്ര സിങ് ഡോക്ടര്‍മാരോട് സംസാരിച്ച് മടങ്ങിയപ്പോഴാണ് ഒരറ്റത്തുള്ള ഈ ഐ.സി.യുവില്‍നിന്ന് ആശുപത്രിയിലെ മറ്റേ അറ്റത്തുള്ള ട്രോമ ഐ.സി.യുവിലേക്ക് മാറ്റാനാണ് നിര്‍ദേശം എന്നറിഞ്ഞത്.

ട്രോമ കെയറെന്ന സുരക്ഷിത കസ്റ്റഡി!!
കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്കടക്കമുള്ള പ്രവേശനം നിഷേധിക്കുന്നതിനായിരുന്നു ഐ.സി.യു മാറ്റിയത്. മാറ്റിയപ്പോള്‍തന്നെ നിലപാട് വ്യക്തമാക്കിയ ആശുപത്രി അധികൃതര്‍ ഇനിയൊരാളും കാണാതിരിക്കാന്‍ വാതിലില്‍ നോട്ടീസ് പതിച്ചു. സംസം വെള്ളം ചുണ്ടില്‍ നനച്ചുകൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്നായി. തുടര്‍ന്ന് വെന്‍റിലേറ്ററിന് പുറമെ നെഞ്ചിലിടിക്കാനുള്ള ലുക്കാസും ഘടിപ്പിച്ചു. ബജറ്റ് സമ്മേളനം മുടക്കാതിരിക്കാനുള്ള ക്രമീകരണമാണെന്ന് ബോധ്യപ്പെട്ട നിമിഷം അഹമ്മദിൻറെ മക്കള്‍ എത്താതിരുന്നതിനാല്‍ സ്വന്തമായെന്തെങ്കിലും ചെയ്യാന്‍ എം.പിമാരും അശക്തരായി.  രാത്രി മക്കള്‍ എത്തിത്തുടങ്ങിയിട്ടും അധികൃതര്‍ കുലുങ്ങിയില്ല.

വിതുമ്പിക്കരഞ്ഞ് ഫൗസിയ!!
തീവ്രപരിചരണ വിഭാഗത്തിൻറെ വാതിലില്‍ മുട്ടിയ അഹമ്മദിൻറെ മക്കളായ നസീറിനും ഡോ. ഫൗസിയക്കും മരുമകന്‍ ഡോ. ബാബു ഷര്‍സാദിനും മനുഷ്യത്വരഹിതമായ പ്രതികരണമാണ് ലഭിച്ചത്. മക്കളാണെങ്കിലും കാണാന്‍ അനുവദിക്കില്ലെന്നവർ തീര്‍ത്തുപറഞ്ഞു. ചികിത്സയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഡോക്ടറെ കാണണമെന്ന് പറയുമ്പോഴും നിഷേധാര്‍ഥത്തില്‍ മറുപടി. പിതാവിനരികില്‍ ഖുര്‍ആന്‍ പാരായണം നടത്താനെങ്കിലും അനുവദിക്കണമെന്ന ഫൗസിയയുടെ അഭ്യര്‍ഥനയും തള്ളി. ഇതിനിടയിലാണ് അഹമ്മദ് പട്ടേല്‍ ആശുപത്രിയിലത്തെുന്നത്. അപ്പോള്‍ സമയം രാത്രി പത്തര.  വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട അഹമ്മദ് പട്ടേലിനോട് തുറക്കില്ലെന്നായി സുരക്ഷ ഗാര്‍ഡുകള്‍. അങ്ങനെയെങ്കില്‍ ഡോക്ടര്‍ പുറത്തേക്ക് വരണമെന്ന് പട്ടേല്‍. ഡോക്ടര്‍മാരെന്നു പറഞ്ഞ് പുറത്തുവന്നത് രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍.

ഇതാണോ അഹമ്മദിനുള്ള മെച്ചപ്പെട്ട ചികിത്സ എന്ന് ചോദിച്ച് ക്ഷുഭിതനായ പട്ടേല്‍ അഹമ്മദിനെ മക്കള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അനുവദിക്കരുതെന്ന് മുകളില്‍നിന്ന് നിര്‍ദേശമുണ്ടെന്ന് ഡോക്ടര്‍മാര്‍.സര്‍ക്കാറാണോ ഈ നിര്‍ദേശം നല്‍കിയത്? ഒന്നുകില്‍ താനിപ്പോള്‍ മാധ്യമങ്ങളെ വിളിച്ച് മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിര്‍ദേശമറിയിക്കും. അല്ളെങ്കില്‍ മക്കളെ കാണാന്‍ അനുവദിക്കണം - പട്ടേല്‍ കയര്‍ത്തു. ഇതിനിടയില്‍ പട്ടേല്‍ നല്‍കിയ ഫോണില്‍ നസീറും ഫൗസിയയും സോണിയയോട് സംസാരിച്ചു. താനങ്ങോട്ട് വരികയാണെന്ന് സോണിയ.  ഗുലാംനബി ആസാദും ആശുപത്രിയിലത്തെി.

മകന്‍ റഈസിനെ ആശ്വസിപ്പിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പൊട്ടിത്തെറിച്ച് സോണിയ!!
രാത്രി പതിനൊന്നര. സോണിയയത്തെി ഫൗസിയയോട് വിവരങ്ങള്‍ ആരാഞ്ഞു. ഐ.സി.യു തുറക്കാനാവശ്യപ്പെട്ട സോണിയക്കു മുന്നില്‍ ഇടനാഴിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് വാടക ഗുണ്ടയായ ഒരു ‘ബൗണ്‍സര്‍.’ അതു കണ്ട് കോപാകുലനായ പട്ടേല്‍ എന്താണീ കാണുന്നതെന്ന് ചോദിച്ചു. പിറകെ വന്ന ജൂനിയര്‍ ഡോക്ടര്‍മാരോടും ജീവനക്കാരോടും പൊട്ടിത്തെറിക്കുകയായിരുന്നു സോണിയ.  മക്കളെ തടയാന്‍ ഈ കിടക്കുന്നത് ഭീകരവാദിയാണോ? ഒരു ക്രിമിനലാണോ? അതോ മുന്‍ മന്ത്രികൂടിയായ എം.പിയാണോ ആര്‍.എം.എല്ലില്‍ പതിവായി വരാറുള്ള തന്നെ ഇവിടത്തെ നിയന്ത്രണം പഠിപ്പിക്കേണ്ടെന്ന് ഓര്‍മിപ്പിച്ച സോണിയ എത്രയും പെട്ടെന്ന് അഹമ്മദിനെ മക്കള്‍ക്ക് കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടു.

സോണിയ ഒച്ചവെക്കുന്നതു കേട്ട് ആശുപത്രിക്ക് താഴെനിന്നുപോലും ആളുകളോടിയത്തെി. എന്നിട്ടും സോണിയ നിര്‍ത്തിയില്ല.  മക്കള്‍ അറിയാതെ ആരുടെ നിര്‍ദേശപ്രകാരമാണ് അഹമ്മദിന് ചികിത്സ നല്‍കുന്നതെന്ന് പറയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. മക്കളുടെ സമ്മതം വാങ്ങാതെ ഒരു സൂചിയെങ്കിലും രോഗിയുടെ ശരീരത്തില്‍ കുത്താന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോ എന്നും സോണിയ ചോദിച്ചു.

ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയും കടന്നുവന്നു.  ആരോഗ്യസ്ഥിതി മറന്ന് രാത്രി ഉറക്കമിളച്ച് വന്ന് ഒച്ചവെക്കരുതെന്നും താന്‍ നോക്കിക്കോളാമെന്നും പറഞ്ഞ് സോണിയയെ സമാധാനിപ്പിച്ച് വിഷയമേറ്റെടുത്തു. നല്‍കുന്ന  ചികിത്സയുടെ വിശദാംശമറിയാത്ത ജൂനിയര്‍ ഡോക്ടര്‍മാരോട് സൂപ്രണ്ട് എവിടെയെന്നാരാഞ്ഞു. സൂപ്രണ്ട് ആശുപത്രിയിലുണ്ടെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് പട്ടേല്‍ മറുപടി നല്‍കിയപ്പോള്‍ സൂപ്രണ്ട് വരാതെ താന്‍ അകത്തു കടക്കില്ളെന്നു പറഞ്ഞ് അവിടെ നില്‍പുറപ്പിച്ചു.

അതോടെ അഞ്ച് മിനിറ്റിനകം സൂപ്രണ്ടും ഓടിയത്തെി. കാര്യങ്ങള്‍ പിടിവിട്ടുവെന്നറിഞ്ഞ സൂപ്രണ്ട് രാഹുലിനെയും കൂട്ടി അകത്തു പോയി അഹമ്മദിന് മസ്തിഷ്കത്തിന് മരണം സംഭവിച്ചോ എന്നറിയാന്‍  പരിശോധന നടത്താമെന്ന് സമ്മതിച്ചു. ഇതിനിടയില്‍  മക്കളുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് ആശുപത്രിയിലത്തെി കേസും രജിസ്റ്റര്‍ ചെയ്തു.

അകമ്പടിയായി വാടക ഗുണ്ടകള്‍
രാഹുല്‍ പോയതോടെ ടെസ്റ്റ് നടത്താമെന്ന് പറഞ്ഞുപോയ സുപ്രണ്ട് വീണ്ടും മുങ്ങി. ഒരു മണിക്കൂര്‍ കാത്തുനിന്നിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ഇ.ടി. ബഷീറും എം.കെ. രാഘവനും മക്കളും മരുമകനും വീണ്ടും ഐ.സി.യുവിന് മുന്നിലത്തെി. ടെസ്റ്റ് നടത്താന്‍ വരാത്ത സൂപ്രണ്ടിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. സൂപ്രണ്ടിന് പകരം ആദ്യം കുറെ സുരക്ഷ ജീവനക്കാരും അവര്‍ക്ക് ഒരു ഡസനോളം വാടക ഗുണ്ടകളുമാണ് വന്നത്. അവരിലൊരാള്‍ രാഘവനോട് തട്ടിക്കയറാന്‍ ശ്രമിച്ചത് എല്ലാവരും ചേര്‍ന്ന് തടഞ്ഞു.

ഒരു ഭാഗത്ത് ഡല്‍ഹി പൊലീസും മറുഭാഗത്ത് മല്ലന്മാരായ ബൗണ്‍സര്‍മാരും അവര്‍ക്കിടയില്‍ എം.പിമാരും അഹമ്മദിൻറെ മക്കളും സുഹൃത്തുക്കളുമായി സംഘര്‍ഷഭരിതമായ അന്തരീക്ഷം. ഡല്‍ഹി പൊലീസിനെ വിളിച്ച് അഹമ്മദിൻറെ മരുമകന്‍ ബാബു ഷെര്‍സാദ് 10 മിനിറ്റിനകം സൂപ്രണ്ട് എത്തിയില്ലെങ്കിൽ അഹമ്മദിനെ ആശുപത്രി മാറ്റാനോ പുറത്തെ ആശുപത്രിയില്‍നിന്നുള്ള വിദഗ്ധരെ ഐ.സി.യുവിലേക്ക് കയറ്റാനോ തയാറാകണമെന്ന് ആവശ്യപ്പെട്ടു. അകത്ത് ഡോക്ടര്‍മാര്‍ ഒരാള്‍പോലുമില്ലെന്നും ഉള്ളത് പി.ജി വിദ്യാര്‍ഥികളാണെന്നും കാണിച്ച് അഹമ്മദിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അപേക്ഷയും തയാറാക്കി.

ഡല്‍ഹി പൊലീസ് അര മണിക്കൂര്‍ സമയം ചോദിച്ചു. ആ അര മണിക്കൂര്‍ കഴിഞ്ഞ് ഐ.സി.യുവിനകത്തേക്ക് മക്കളെയും മരുമകനെയും കടത്തിവിട്ടു. അപ്പോഴേക്കും വെന്‍റിലേറ്ററില്‍നിന്നും നെഞ്ചിടിക്കുന്ന ലൂക്കാസില്‍നിന്നും അഹമ്മദിനെ വേര്‍പെടുത്തിയിരുന്നു. നിരന്തരമുള്ള ഇടിയില്‍ ശരീരത്തിന് സംഭവിച്ച രൂപമാറ്റം മക്കളെ ഞെട്ടിച്ചു.

തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ ഡോ. ഷെര്‍സാദ് തന്നെ പുറത്തുവന്ന് ഇ. അഹമ്മദ് മരിച്ചുവെന്ന് ഔദ്യോഗികമായി അറിയിച്ചു. ഐ.സി.യുവിനകത്തുനിന്ന് അര ഡസനിലേറെ വാടക ഗുണ്ടകളുടെ അകമ്പടിയോടെയാണ് എംബാം ചെയ്യാനായി അഹമ്മദിൻറെ മൃതശരീരം പുറത്തത്തെിച്ചത്. എല്ലാവരും ഐ.സി.യുവില്‍നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ ഗുണ്ടകളൊന്നടങ്കം ഡല്‍ഹി പൊലീസിന് മുന്നിലൂടെ ഇറങ്ങിപ്പോയി.

~ഹസനുൽ  ബന്ന

Saturday, July 2, 2016

KFC

The Right ATTITUDE.....
6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.
പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.
19-വയസ്സിൽ അച്ഛനായി.
20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.                                JJJ
അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.
തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.
ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.
തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..
നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.
ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....
എഴുത്തിന് കടപ്പാട്

എല്ലുകള്‍ സംസാരിച്ചപ്പോള്‍......

ജഡങ്ങള്‍ സംസാരിക്കാറുണ്ട്. താ൯ എങ്ങനെ മരിച്ചെന്ന് നിരന്തരം വിളിച്ചുപറഞ്ഞ് നീതിക്കുവേണ്ടി നിശ്ശബ്ദമായി കേഴുന്ന മൃതശരീരങ്ങളില്‍ നിന്ന് അത് കേള്‍ക്കുന്ന വിദ്യയാണല്ലോ പോസ്റ്റ്മോ൪ട്ടം എന്ന് നമ്മള്‍ വിളിക്കുന്ന പോസ്റ്റ്മോ൪ട്ടം എക്സാമിനേഷ൯ അഥവാ ഓട്ടോപ്സി.

പോസ്റ്റ്മോ൪ട്ടത്തിന്റെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത മഹാപ്രതിഭയാണ് സ൪ സിഡ്നി ആല്‍ഫ്രഡ് സ്മിത്ത്(1883-1969) എന്ന ഡോക്ട൪.

1917 മുതല്‍ 1924 വരെ ഈജിപ്റ്റ് സ൪ക്കാരിന്റെ ക്ഷണപ്രകാരം അദ്ദേഹം കെയ്റോയില്‍ ജോലി ചെയ്ത കാലത്തെ ഒരു സംഭവം പറയാം.....

ഗ്രാമത്തിലെ ഒരു പൊട്ടക്കിണ൪ വൃത്തിയാക്കാനിറങ്ങിയ നാട്ടുകാ൪ക്ക് കിണറ്റിനടിയില്‍ നിന്ന് മൂന്ന് എല്ലി൯കഷണങ്ങള്‍ കിട്ടി. മനുഷ്യന്റേതാണെന്ന് സംശയം തോന്നിയതിനാല്‍ അത് അവ൪ പോലീസിലേല്പിച്ചു.
പോലീസ് സംശയനിവൃത്തിക്കായി ഡോ.സ്മിത്തിനെ സമീപിച്ചു.
എല്ലി൯കഷണങ്ങള്‍ 
സൂക്ഷ്മപരിശോധന നടത്തിയ സ്മിത്തിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു.
"ഇത് ഉദ്ദേശം 22-24 വയസ് ഉള്ള സ്ത്രീയുടെ അസ്ഥികളാണ്. അവ൪ ഒരു തവണയെങ്കിലും പ്രസവിച്ചിട്ടുണ്ടാകും.
അവള്‍ക്ക് ശൈശവത്തി ല്‍ പോളിയോ ബാധിച്ചാലാവണം മുടന്ത് ഉണ്ടായിരുന്നു. ഈയ ഉണ്ടകള്‍ നിറച്ച തോക്ക് കൊണ്ട് അടിവയറ്റില്‍ വെടിയേറ്റാണ് അവള്‍ മരിച്ചത്. വെടി കൊള്ളുമ്പോള്‍ അവള്‍ നില്ക്കുകയും വെടിവച്ചയാള്‍ അവളുടെ മുമ്പില്‍ ഇടത് ഭാഗത്തായി ഉദ്ദേശം മൂന്ന് വാര അകലെ ഇരിക്കുകയുമായിരിക്കണം. വെടിയേറ്റ് ഒരാഴ്ച കഴിഞ്ഞ് വയറ്റില്‍ പഴുപ്പ് ബാധിച്ചാണ് മരിച്ചത്. മരണം നടന്നിട്ട് ഏതാനും മാസങ്ങളായി."

പോലീസിന് അത് അവിശ്വസനീയവും അത്ഭുതകരവുമായി തോന്നി. മൂന്ന് കഷണം എല്ലില്‍ നിന്ന് ഇത്രയും വിവരങ്ങള്‍ കിട്ടുമോ? ഏതായാലും പ്രശസ്തനായ ഫോറ൯സിക് സ൪ജ൯ പറഞ്ഞതല്ലേ, ഒന്ന് അന്വേഷിച്ചുകളയാം എന്ന് അവ൪ തീരുമാനിച്ചു.
ആദ്യമായി ആ ഗ്രാമത്തില്‍ നിന്ന് മുടന്തുള്ള യുവതികളെ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആ പൊട്ടക്കിണറ്റിന് അല്പം അകലെ ഒരുവീട്ടില്‍ താമസിച്ചിരുന്ന ഒരു യുവതിയെ കുറേ നാളായി കാണാനില്ലെന്ന് നാട്ടുകാരില്‍ ചില൪ പോലീസിനോട് പറഞ്ഞു. ഭ൪ത്താവുമായി പിണങ്ങി വൃദ്ധനായ പിതാവിനൊപ്പം താമസിച്ചിരുന്ന യുവതിയാണ് അപ്രത്യക്ഷയായിരുന്നത്. അവള്‍ മുടന്തിയും ഒരു കുട്ടിയുടെ മാതാവുമായിരുന്നു.

പോലീസ് വൃദ്ധനെ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവന്നു. മകളെ കൊന്നത് അയാള്‍ തന്നെയായിരുന്നു. പക്ഷേ മന:പൂ൪വം ചെയ്തതല്ല.
ഏതാനും മാസം മുമ്പ് ഒരു ദിവസം അയാള്‍ തറയിലിരുന്ന് തന്റെ നാട൯ തോക്ക് തുടയ്ക്കുകയായിരുന്നു. ആ സമയം മകള്‍ മുന്നില്‍ വന്നു നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. തോക്ക് നിറച്ചിരുന്ന കാര്യം ഓ൪ത്തില്ല. അബദ്ധത്തില്‍ കാഞ്ചിയില്‍ കൈതട്ടി നിറയൊഴിഞ്ഞു. ചെറിയ ഈയ ഉണ്ടകള്‍ മകളുടെ അടിവയറ്റില്‍ തുളഞ്ഞുകയറി. ഭയം മൂലം ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് രഹസ്യമായി നാട൯ചികിത്സകള്‍ ചെയ്തുനോക്കി. പക്ഷേ, ഒരാഴ്ചയായപ്പോള്‍ വയറ്റില്‍ പഴുപ്പ് ബാധിച്ച് യുവതി മരിച്ചു. കള്ളത്തോക്കായിരുന്നതിനാല്‍ പോലീസില്‍ അറിക്കാ൯ ഭയന്ന് ശവം രാത്രിയില്‍ സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളി.

ഒരു വ൪ഷത്തോളം കഴിഞ്ഞപ്പോള്‍ കടുത്ത വേനലില്‍ നാട്ടില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ഗ്രാമത്തിലെ പൊട്ടക്കിണ൪ വൃത്തിയാക്കാ൯ ഗ്രാമീണ൪ തീരുമാനിച്ചു. അപകടം മനസ്സിലാക്കിയ വൃദ്ധ൯ രാത്രി കിണറ്റിലിറങ്ങി അസ്ഥികൂടം എടുത്ത് ചാക്കില്‍ കെട്ടി നദിയില്‍ കളഞ്ഞെങ്കിലും വെപ്രാളത്തിനിടെ ഇരുട്ടില്‍ മൂന്ന് എല്ലി൯കഷണങ്ങള്‍ കിണറ്റില്‍തന്നെ കിടന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.

പോലീസ് അയാളെ നീതിപീഠത്തിനു മുന്നിലെത്തിച്ച് അ൪ഹമായ ശിക്ഷ വാങ്ങിക്കൊടുത്തു

കിണറ്റില്‍ നിന്ന് ഡോ. സ്മിത്തിന്റെ മുമ്പിലെത്തിയത് ഇടുപ്പെല്ലിന്റെ മൂന്ന് കഷണങ്ങളായിരുന്നു.
സ്ത്രീപുരുഷന്മാരുടെ ഇടുപ്പെല്ലുകള്‍ തമ്മില്‍ ചില ആകൃതിവ്യത്യാസം ഉണ്ട്. ഇത് വെച്ചാണ് മരിച്ചത് സ്ത്രീയാണെന്ന് സ്മിത്ത് പറഞ്ഞത്. എല്ലുകളുടെ വളച്ചയില്‍ നിന്ന് പ്രായം നി൪ണ്ണയിച്ചു.ഗ൪ഭസ്ഥശിശുവിന്റെ വള൪ച്ച മൂലം ഗ൪ഭപാത്രം വികസിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന parturition pits എന്ന ചെറുദ്വാരങ്ങളുടെ സാന്നിദ്ധ്യം ഇടുപ്പെല്ലിന്റെ ഉള്ളില്‍ കണ്ടതിനാല്‍ മരിച്ച യുവതി ഒരിക്കലെങ്കിലും ഗ൪ഭിണിയായിട്ടുണ്ടെന്ന നിഗമനത്തില്‍ സ്മിത്ത് എത്തി.
വലത് ഇടുപ്പെല്ലും വലത് തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്ന സന്ധിയും ഇടതുവശത്തേതിനേക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഇടതുകാലിന്റെ നീളക്കുറവ് മൂലം ശരീരഭാരം മുഴുവ൯ വലതുകാലിന് വഹിക്കേണ്ടിവരുന്നതിനാലാണ് ഇങ്ങനെ സന്ധി വലുതാകുന്നത്.
കുട്ടിക്കാലത്ത് പോളിയോ വന്നവരിലാണ് ഇങ്ങനെ കാല്‍ശോഷിപ്പ് മൂലമുള്ള മുടന്ത് കാണുന്നത്. അതുകൊണ്ടാണ് മരിച്ച യുവതി മുടന്തിയും പോളിയോ ബാധിതയും ആയിരിക്കണമെന്ന് സ്മിത്ത് അനുമാനിച്ചത്.
എല്ലിന്റെ ഉള്‍ഭാഗത്ത് ധാരാളം ഈയ ഉണ്ടകള്‍ തറച്ചിരുന്നതില്‍ നിന്ന് ഒറ്റ വെടിക്ക് അനേകം ചെറുഉണ്ടകള്‍ ചിതറിപ്പായുന്ന ഷോട്ട്ഗണ്‍ എന്നയിനം തോക്കാണ് ഉപയോഗിച്ചതെന്ന് മനസ്സിലായി. ഉണ്ടകള്‍ തമ്മിലുള്ള അകലത്തില്‍ നിന്ന് വെടിവെച്ച ദൂരം കണക്കാക്കാ൯ കഴിഞ്ഞു.
ഇടുപ്പെല്ലില്‍ വെടിയുണ്ടകള്‍ തറച്ച ദിശ പരിശോധിച്ചതില്‍ നിന്ന് സ്ത്രീ നില്‍ക്കുമ്പോള്‍ താഴെ നിന്നാണ് വെടിയേറ്റതെന്ന് മനസ്സിലായി. വെടിയേറ്റ ഭാഗത്ത് എല്ല് പഴുത്തിരുന്നതായും പഴുപ്പ് ബാധിച്ച ഭാഗത്ത് ഒരാഴ്ച കഴിഞ്ഞതിന്റെ വ്യത്യാസങ്ങള്‍ വന്നിരുന്നതായും മൈക്രോസ്കോപ്പുപയോഗിച്ച് നിരീക്ഷിച്ചപ്പോള്‍ കാണാ൯ കഴിഞ്ഞു. അതായത് വെടിയേറ്റ് ഒരാഴ്ച കൂടി ആള്‍ ജീവിച്ചിട്ടുണ്ടാകും. എല്ലുകളില്‍ അപ്പോഴും കുറച്ച് മാംസം ഒട്ടിപ്പിടിച്ചിരുന്നതില്‍ നിന്ന് മരണം നടന്നിട്ട് ഏതാനും മാസങ്ങളേ കഴിഞ്ഞിട്ടുള്ളൂ എന്നും അനുമാനിച്ചു.

നിഗൂഢമായ അനേകം മരണങ്ങള്‍ക്ക് തുമ്പുണ്ടാക്കിയ ഡോ. സ്മിത്തിന് ഈജിപ്റ്റിലെ ഉന്നത ബഹുമതിയായ  Commander of the Order of the Nile നല്‍കിയാണ് അവിടത്തെ സ൪ക്കാ൪ ആദരിച്ചത്. Commander of the Most Excellent Order of the British Empire എന്ന ബഹുമതിയും 'സ൪' സ്ഥാനവും ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നല്‍കി ബ്രിട്ടീഷ് ഗവണ്മെന്റും അദ്ദേഹത്തെ ആദരിച്ചു.

ഡോ. സിഡ്നി സ്മിത്തിന്റെ ആത്മകഥയാണ് 'Mostly Murder'(1959).

കടപ്പാട് . - എഴുത്തുകാരന്